Review No:1
സാഗര്‍/ ജാക്കി: ഇത്രക്കും ലോഡ് വേണ്ടായിരുന്നു:
പ്രിയപ്പെട്ട അമല്‍ നീരദ്,
നിങ്ങള്‍ റാം ഗോപാല്‍ വര്‍മ്മയുടെ ശിഷ്യനല്ലേ,മലയാളത്തില്‍ പുതു രക്തമല്ലേ എന്നൊക്കെ വിചാരിച്ചാണ് കണ്ണുമടച്ച് നാല്‍പ്പത് രൂപ മുടക്കിക്കളയാം എന്ന് ഞാന്‍ തീരുമാനിച്ചത്. ഒള്ളത് പറഞ്ഞാല്‍,നിങ്ങളുടെ രണ്ടാമാത്തെ സിനിമയായ സാഗര്‍ അലിയാസ് ജാക്കി കണ്ടിറങ്ങിയപ്പോള്‍(ഏലിയാസ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി) ഇനി ഒരു നാല്‍പ്പത് ലക്ഷം കൂടി നിങ്ങള്‍ക്ക് വേണ്ടി മുടക്കണം എന്ന ആഗ്രഹം എന്നില്‍ പ്രബലമായിരിക്കുന്നു. നിങ്ങളുടെ ചിത്രത്തിലെ നായകനെപ്പോലെ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ അധോലോകത്ത് പണിയെടുക്കുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍ എന്നെ ഒന്ന് അറിയിക്കണം. പത്ത് നാല്‍പ്പത് ലക്ഷം രൂപ കൊടുത്ത് നിങ്ങളെ തട്ടാനുള്ള ഒരു കോണ്ട്രാക്റ്റ് കൊടുക്കാനാണ് .
അല്ല എനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ, എക്സ്ട്രീം ടൈറ്റ് ക്ലോസപ്പില്‍ കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കാതെ സംസാരിപ്പിക്കുന്ന വിദ്യയും മറ്റും പഠിപ്പിച്ചു തന്ന റാം ഗോപാല്‍ വര്‍മ്മ നിങ്ങള്‍ക്ക് ഒറ്റ വരിയിലെഴുതാവുന്ന ഒരു കഥ സിനിമയാക്കുമ്പോള്‍ അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ട്വിസ്റ്റും ടേണും എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിച്ച് തന്നില്ലേ? പത്തന്പത്തിയൊന്നു സീനുകള്‍ അടുക്കിക്കൂട്ടി വെച്ച് ,ആദ്യത്തെ സീന്‍ കഴിയുമ്പോള്‍തന്നെ അടുത്ത് എന്ത് സംഭവിക്കും എന്ന് സിനിമ കാണുന്ന ഏവനും മനസിലാകുന്ന തരത്തിലെ സൃഷ്ടി കണ്ട് ചോദിച്ചു പോയതാ. അതോ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചു, വില കൂടിയ കാറുകളും ,കൂളിംഗ് ഗ്ലാസുകളുമായി തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ സ്ലോമോഷനില്‍ തെക്ക് വടക്ക് നടന്നാല്‍ പടം തകര്‍ക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ നിങ്ങളോട് പറഞ്ഞോ?
മോഹന്‍ലാലിനെ കണ്ടാലും മതി . കറുത്ത നിറത്തിലെ വസ്ത്രങ്ങള്‍ സാധാരണ ഉള്ള തടി കുറച്ചു കാണിക്കുന്നവയാണ്. ഇത് കറുത്ത വസ്ത്രങ്ങള്‍ മാത്രം പോരാ ,അങ്ങേരെ മൊത്തത്തില്‍ കീലില്‍ മുക്കി എടുത്താലും തടി കുറഞ്ഞതായി തോന്നുന്ന യാതൊരു ലക്ഷണവും ഇല്ല. ക്ലോസപ്പില്‍ മാത്രം ഓടുന്ന നിങ്ങളുടെ ക്യാമറ കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്ക് തിടമ്പെടുത്ത് നില്‍ക്കുന്ന ഗുരുവായൂര്‍ കേശവന്റെ ഫോട്ടോ യാണ് ഓര്‍മ്മവന്നത്.തലയെടുപ്പിലല്ല തടിയുടെ കാര്യത്തില്‍.
കൊള്ളാവുന്ന വില്ലന്മാരുടെ ഒരു പട തന്നെയുണ്ടായിട്ടും, അവരെ സിനമയുടെ പിരിമുറുക്കത്തിനല്ല മറിച്ച് ഫാഷന്‍ പരേഡ് നടത്താന്‍ ഉപയോഗിച്ച ഐഡിയ സ്റ്റൈല്‍ മീറ്റര്‍ ഉയര്‍ത്താനാവും എന്ന് ഞാനങ്ങ് സമാധാനിച്ചു. പക്ഷേ വല്യ സ്റ്റൈല്‍ ഒന്നും ഇല്ലാതെ , ശേഖരന്‍ക്കുട്ടി എന്ന നായകനുമായി കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് ഇരുപതാം നൂറ്റാണ്ട് എന്ന സാധാരണ മസാലപ്പടം സൂപ്പര്‍ ഹിറ്റായത് എന്നത് മോഹന്‍ലാലിനോ എസ് എന്‍ സ്വാമിക്കോ എങ്കിലും ഓര്‍ക്കാമായിരുന്നു.
പക്ഷെ മറ്റൊരുകാര്യം, ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തെയാണ്. വിഷ്വല്‍ മീഡിയാ ജേര്‍ണലിസ്റ്റിന്റെ ആ കഥാപാത്രം ഭാവനയ്ക്ക് പകരം ഭീമന്‍ രഘു ചെയ്തിരുന്നെങ്കില്‍ എന്തായിരുന്നു കുഴപ്പം? റൊമാന്‍സ് പറ്റില്ല . സമ്മതിച്ചു. പക്ഷെ ഈ വയസു കാലത്ത് , ഇത്രയും തടിയും വെച്ച് മോഹന്‍ലാലിനെ ഒരു ഗാന രംഗത്തിനു വേണ്ടി ലേ പോലെ സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയരത്തിലുള്ള സ്ഥലത്ത് വലിച്ചു കയറ്റിയതിന്റെ പാപത്തില്‍ നിന്നും നിങ്ങള്‍ രക്ഷപെടില്ലയിരുന്നോ? അതും ആ പെണ്ണ് അങ്ങേരെ ഓടിച്ചിട്ടല്ലേ പാട്ട് പാടി പ്രേമിക്കുന്നത്. പാട്ടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും , പാറകളുടെ പുറത്തു കയറി അര്‍മാനി സ്യൂട്ടും,കൂളിംഗ് ഗ്ലാസും ധരിച്ച സ്വാമി വിവേകാനന്ദന്റെ (പോക്കറ്റില്‍ കൈകള്‍ തിരുകി ) പോസു കൊടുത്ത് പാവം ലാല്‍ എങ്ങിപ്പോയിട്ടുണ്ടാവണം. വയസ്സാം കാലത്ത് അങ്ങേരെക്കൊണ്ട് ഇങ്ങനെയൊന്നും ചെയിക്കരുത് അമല്‍. ദൈവദോഷം കിട്ടും. ഇതൊക്കെ സ്ക്രീനില്‍ കണ്ട് കണ്ണ് ബള്‍ബ്ബായ എന്നെപ്പോലുള്ളവരുടെ ശാപം വേറെയും.
കഥയും തിരക്കഥയും എസ് എന്‍ സ്വാമിയാണ് എഴുതിയത് എന്ന് പേരുകള്‍ എഴുതി കാണിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ദയവു ചെയ്തു അങ്ങേരോട് പറയണം, ബോണ്‍ ഐഡെന്‍റ്റിറ്റി ,സോര്‍ഡ് ഫിഷ് തുടങ്ങിയ പടങ്ങള്‍ ഒന്ന് കൂടി ഇരുന്ന് കാണാന്‍. എന്നിട്ട് അടുത്ത പടത്തിലെങ്കിലും വിഷ്വലുകള്‍ മാത്രമല്ലാതെ, സീനുകളുടെ മുറുക്കം കൂടി ചേര്‍ത്ത് അടിച്ചു മാറ്റണം എന്ന് പ്രത്യേകം പറയണം .
ആകെപ്പാടെ പടത്തില്‍ കൊള്ളാവുന്ന സംഗതി ഇരുപതാം നൂറ്റാണ്ടിന്റെ തീം മ്യൂസിക്ക് പുതിയ രീതിയില്‍ അവതരിപ്പിച്ചതാണ്. പക്ഷെ ഇത്രയും വ്യതസ്ത രീതികളില്‍, ആ സംഗീതം കൊള്ളാവുന്ന ഒരു പടത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.
പോസ്റ്ററുകളില്‍ എനി ക്വസറ്റ്യന്‍സ് ? എന്ന് നല്ല വലിപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടു . ഗുരു വര്‍മ്മയില്‍ നിന്നും കിട്ടിയതാവും ഈ 'ഇന്‍ യുവര്‍ ഫെയ്സ് ' ഭാവം. അങ്ങേര്‍ക്കത് കാണിക്കാം.കാരണം രാമു കി ആഗ് പോലൊരു തറപ്പടം എടുക്കുന്ന അതേ ശ്വാസത്തില്‍ അങ്ങേര്‍ സത്യയും ,സര്‍ക്കാറും പോലുള്ള വെടിക്കെട്ട് പടങ്ങളും എടുക്കും. നമ്മള്‍ എന്ത് കണ്ടിട്ടാണാവോ ഈ ചാടുന്നത്? ആദ്യം കോപ്പിയടിയാണെങ്കിലും അതെങ്ങനെ വൃത്തിയായി ചെയ്യാം എന്നതെങ്കിലും ഗുരുവില്‍ നിന്നും പഠിക്ക്. എന്നിട്ട് കാണിക്കു ഷോ. അല്ലാതെ ജ്യോതിര്‍മയിയുടെ തുടകളും (അതെങ്കിലും നന്നായി കാണിച്ചിരുന്നെങ്കില്‍ അത്രയുമായേനെ) , വസയന്പതും കഴിഞ്ഞ്, നൂറു കിലോക്ക് മുകളില്‍ തൂങ്ങുന്ന മോഹന്‍ലാലിന്റെ സ്ലോമോഷനില്‍ ഉള്ള നടത്തവും കൊണ്ട് മാത്രം ഒരു സിനിമ ഉണ്ടാകില്ല.
മോഹന്‍ലാലിനെ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറെ പടങ്ങളായി അങ്ങേര്‍ക്ക് രജനികാന്ത് (അറുപത് വയസ്സായിട്ടും, ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന അതേ തടി തന്നെയാണ് രജനിക്ക് ഇപ്പോഴും എന്നെങ്കിലും ലാലേട്ടന്‍ ഓര്‍ത്താല്‍ മതിയായിരുന്നു) കളിക്കാന്‍ അല്ലാതെ മറ്റൊന്നിലും ഒരു താത്പര്യവും ഇല്ല എന്ന് തോന്നുന്നു. പക്ഷെ നിങ്ങളുടെ രണ്ടാമത്തെ പടമല്ലേ ഇത്? അത് കൊണ്ട് പറയുകയാണ്, ഇത് പോലത്തെ രണ്ടു പടവും കൂടി എടുത്താല്‍ മിക്കവാറും പണിയില്ലാതെ വീട്ടിലിരിക്കാം . അല്ല ഇനിയെങ്കിലും ഒരു പടം തുടങ്ങുമ്പോള്‍ ആദ്യമേ ഫ്രെയിം ബൈ ഫ്രെയിം വിഷ്വലുകളായി മാത്രം അതിനെ കാണാതെ കഥയും തിരക്കഥയും കൂടെ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം. പടം കാണുന്ന ഞങ്ങള്‍ക്കും.
Review No:2
കഴിഞ്ഞ ആഴ്ചയിലെ ഏതോ ഒരു പാതിരാത്രിയില്‍ ഉറങ്ങാനായി കണ്ണടച്ചപ്പോള്‍ ആണ് "സത്യം തീയടരില്‍ സത്യമായിട്ടും സാഗര്‍ അലിയാസ് ജാക്കി" എന്ന് റൂം മേറ്റ് ടോം പറഞ്ഞത്. ചെന്നൈല്‍ റിലീസ് ചെയ്യുന്ന മലയാളം പടങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാ ആഗ്രഹമുള്ളതിനാല്‍ ഇന്നിനീ ടിക്കറ്റ് ബുക്ക് ചെയ്തിട്ട മതി ഉറക്കം എന്ന് വിചാരിച്ച് ബുക്ക് ചെയ്ത്, പണിയൊക്കെ ഇനി തിന്കലാഴ്ച ബാക്കി ചെയ്യാം ചേട്ടാ എന്ന് ഓഫീസില്‍ പറഞ്ഞു ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാണ്ട് തീയറ്ററില്‍ ചെന്ന എനിക്ക് ഇത് തന്നെ കിട്ടണം. നന്ദി ലാലേട്ടാ നന്ദി.
അമല്‍ നീരദ്, ബിഗ് ബി യ്ക്ക് ശേഷം ലാലേട്ടനെ മസില്‍ പിടിപ്പിച്ച് ക്ലോസ് ഷോട്ട്സിലും സ്ലോ മോഷനിലും മാത്രമായി ചിത്രീകരിച്ച ആദ്യ മലയാള ചിത്രം "സാഗര്‍ അലിയാസ് ജാക്കി". ലാലേട്ടന്‍ പറഞ്ഞ വരുമ്പോള്‍ ചിലപ്പോള്‍ അത് ഏലിയാസ് ആകും. പ്ലീസ് ഡോണ്ട് മിസ് അന്ടര്‍ സ്റ്റാന്റ്റ്.
എസ് എന്‍ സ്വാമി ആണ് തിരക്കഥ. അതും മറ്റൊരു അത്ഭുതം ആണ്. കഥയില്ലാതെ തിരക്കഥ എഴുതുക എന്നതൊരു നിസ്സാര കാര്യമല്ലല്ലോ. ലാലേട്ടന്‍ തെക്കും വടക്കും നടക്കുന്നതും പോകുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുന്ദരിമാരുടെയും സുന്ദരന്‍മാരായ വില്ലന്മാരുടെയും വില കൂടിയ കുറെ വണ്ടികളുടേയും കഥയാണ് സാഗര്‍ അഥവാ ജാക്കി.
എനിക്ക് തോന്നുന്നത് ചിത്രീകരണത്തിന്റെ ചിലവ് കുറയ്കാന്‍ ലാലേട്ടനെ കേരളത്തില്‍ നിന്ന് ദുബായ്ക്ക് നടത്തിയാണ് കൊണ്ട്ട് പോയത് എന്നാണു (ചില ആനകളെ കൊണ്ടു പോകുന്നത് പോലെ) ഒപ്പം നടപ്പ് പല ആംഗിളില്‍ ഒപ്പിയെടുത്ത് വെട്ടി മുറിച്ച്, പുട്ടിനു പീര പോലെ അവിടിവിടെ അങ്ങട്ട് വിതറി.
മനോഹരമായ ഒട്ടേറെ ആംഗിളുകളിലൂടെ അമല്‍ നീരദ് ഒരു കാര്യം പ്രൂവ് ചെയ്തു എങ്ങനെ നോക്കിയാലും ലാലേട്ടന്റെ കുടവയര്‍ തന്നെ മുന്‍പില്‍!! ഇതൊന്നും പോരാഞ്ഞിട്ട് മലയാളസിനിമാ ഇന്നേവരെ കാണാത്ത ഒരു നൃത്തരൂപം അവതരിപ്പിക്കാനായി കല്യാണം കഴിഞ്ഞിട്ട് അഭിനയം നിര്‍ത്തി പോയി മടങ്ങി വന്ന ജ്യോതിര്‍മയീയെ തന്നെ തിരഞ്ഞെടുത്തത് ഒരൊന്നൊന്നര കാസ്റ്റിംഗ് ആയി പോയി. (ആ കുട്ടിക്ക് എന്ത് പറ്റി കല്യാണം കഴിഞ്ഞപ്പോള്‍ വല്ല ബാധ കേറിയോ? )
ലാലേട്ടന്റെ പഴയ നായിക ശോഭന മടങ്ങിയെത്തിയത് ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. ബട്ട് ലാലെട്ടനിപ്പോലും ബാച്ചിലര്‍ തന്നെ.പടയപ്പ എന്ന ചിത്രത്തില്‍ ഷര്‍ട്ടൂരി സോമാലിയന്‍ കുട്ടികളെ പോലെ നിക്കുന്ന രജനീ കാന്തിനെ നോക്കി അബ്ബാസ് കാച്ചുന്നത് "വൌ വാട്ട് എ മാന്‍" എന്നാണ്. ഇത് പറഞ്ഞു കുറെ തമിഴന്മാരെ കളിയാക്കിയതിന്റെ പാപമാണെന്ന് തോന്നുന്നു, സിക്സ് പാക്കുകളുടെ കാലത്ത് 'സ്കൂള്‍ ബാഗ്' മായി നില്‍ക്കുന്നവയസ്സന്‍ ലാലെട്ടനോട് ഇഷ്ടം ആണെന്ന് പറയുന്ന ഭാവനയെ കണ്ടപ്പോള്‍ കണ്ണുനീരായി പുറത്ത് വന്നത്. അത് കൊണ്ടും തീരാതെ ഒരു പാട്ടും. ലാലേട്ടന്‍ മുന്‍പില്‍ ഭാവന പിന്നില്‍ അങ്ങനെ കണ്ട മലയും പുഴയും ഒക്കെ നടന്നു ഭാവനയെ സംബധിച്ചിടത്തോളം ലാലെട്ടനാകുന്ന മലയെ ചുറ്റി ഒരു പ്രേമം.
സ്മാള്‍ ലെറ്റര്‍ കണ്ടാല്‍ പച്ച വര വരയ്ക്കുന്ന മൈക്രോസോഫ്റ്റ് വേര്‍്ഡിനെ പോലെ പാവം വില്ലന്‍ എപ്പോള്‍ ലാലേട്ടനെ കണ്ടാലും ഇവനെ ഞാന്‍ ഇപ്പൊ പോകച്ച് കളയും എന്ന് പറഞ്ഞ തോക്കും പിടിചോന്റ്റ് വന്നു അതെറിഞ്ഞ് കളഞ്ഞ് ഇടി മേടിച്ച് കൂട്ടും. ഈ തോക്ക് ചൂണ്ടി പിടിചിട്ട് പിന്നെ അതെറിഞ്ഞ് കളഞ്ഞ് ഇടി കൂടുന്നതിന്റെ ലോജിക്ക് എന്താണ്? സോഷ്യലിസം ആണോ?
ഞങ്ങളോട് ക്ഷമിക്കണേ എസ് എന്‍ സ്വാമി, ലാലേട്ടന്‍, അമല്‍ നീരദ്, ആന്റണി പെരുമ്പാവൂര്‍ സാറുമ്മാരെ, ഇങ്ങനെ ആയാല്‍ ഇനി മലയാളസിനിമയുടെ വ്യാജ ഡി വി ഡി ഒക്കെ ഇല്ലാണ്ടാവാന്‍ അധിക താമസം ഉണ്ടാവില്ല. മലയാള സിനിമ കാണാനേ ആരുമില്ലാത്തപ്പോള്‍ പിന്നെ ഡി വി ഡി ഉപയോഗശൂന്യം ആണല്ലോ.എന്തൊക്കെ ആയാലും ടൈറ്റിലും ചില സീനുകളും ഒക്കെ മനോഹരമായിരുന്നു. പക്ഷെ ഈ സ്ലോ മോഷനൊക്കെ ഒരു ലിമിറ്റില്ലേ?
ചിത്രത്തെ കുറിച്ച് ഒറ്റ വാചകത്തില്‍ സ്റ്റൈലിഷ് ആന്‍ഡ് ബോറിംഗ് ചിത്രം.
ഇതൊന്നും കൊണ്ട്ട് ഞാന്‍ പഠിയ്ക്കാന്‍ പോകുന്നില്ല കസിനോവയും ഹരിഹര്‍ നഗറും ഒക്കെ കാണാന്‍ ആദ്യം തന്നെ കാണും. അതെന്കിലും നന്നാവുമായിരിക്കും !!!
തീയടരില്‍ കേട്ട്ടത് : ലാലേട്ടന്‍ ഫാന്‍സിന്റെ സംഘഗാനം "മമ്മൂട്ടി ക്യാന്‍ ഡാന്‍സ് സാലാ"!!!
Review No.3:
കുഞ്ഞന്‍ എലിയാസ് കൂനന്‍ (അമല്‍ നീരദ് ഫിലിം)
(ഇത് കുഞ്ഞിക്കൂനന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല. ആ പേര് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം. ഇതില്‍ കുഞ്ഞന്‍ എന്നാണ് നായകന്റെ പേര്. കൂനന്‍ എന്നത് അവന്റെ വീട്ടുപേരാണ്)
സീന്‍- 01
ഇരുട്ടിനെ കീറിമുറിച്ചു പെയ്യുന്ന മഴയെ കീറിമുറിച്ചുകൊണ്ട് കടന്നു വരുന്ന കറുത്ത ഷൂ (സ്ലോ മോഷന്‍). ക്യാമറയുടെ ലെന്‍സില്‍ വന്നിടിച്ചു നില്‍ക്കുന്ന ഷൂ. ഷൂവിന്റെ ഉടമ പിടിച്ചിരിക്കുന്ന കുടയില്‍ നിന്നും ക്യാമറയുടെ ലെന്‍സിലേക്കു വന്നു വീഴുന്ന ഒരു തുള്ളി വെള്ളം. ആ വെള്ളത്തുള്ളി വീണു ചീതറുമ്പോള്‍ ആരംഭിക്കുന്ന ടൈറ്റില്‍ മ്യൂസിക്. ടങ്ടഡടേന്‍, ടഡടഡടേന്‍,
ടങ്ടഡടേന്‍, ടഡടഡടേന്‍..
മ്യൂസിക് അടിച്ചു തകര്‍ക്കുമ്പോള്‍ ഷൂവിന്റെ ഉടമ തന്റെ കയ്യിലിരിക്കുന്ന കറുത്ത കുട മടക്കുന്നു (സ്ലോ മോഷന്‍). കറുത്ത കോട്ടിട്ട കൂനന്‍ (ദിലീപ്) കനത്ത മുഖത്തോടെ നില്‍ക്കുന്നു. ക്യാമറ ഷൂവിന്റെ പരിസരത്തെവിടെയെങ്കിലും വച്ചാല്‍ മതി. താഴെ നിന്നുള്ള ഷോട്ടുകളാണ് വേണ്ടത്. കൂനന്‍ ഷേവ് ചെയ്തിട്ട് മൂന്നു ദിവസമായെന്നു വ്യക്തമാക്കുന്ന മുഖം. നോട്ടം ദൂരെയെവിടെയോ ആണ്.
മമെല്ലെ ക്യാമറ ഉയരുമ്പോള്‍ (അതുപോലും സ്ലോ മോഷന്‍) അഞ്ചടിയുള്ള ആജാനുബാഹുമായ കൂനന്റെ രൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിയുന്നു.
കൂനന്റെ അതുപോലെ കറുത്ത കോട്ടുകളിട്ട, മൂന്നു ദിവസം മുമ്പ് ഷേവ് ചെയ്ത ഏഴു പേര്‍ കൂനന്റെ പിന്നില്‍ ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്നു. മനോജ് കെ.ജയന്‍, ബിജു മോനോന്‍, പിന്നെ നടി സിമ്രാന്റെ സഹോദരന്‍ (അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്) തുടങ്ങിയ ഏതാനും നടന്‍മാര്‍. പ്രേക്ഷകര്‍ നോക്കിയിരിക്കെ കൂനന്റെ നേതൃത്വത്തില്‍ ഈ സംഘം മുന്നോട്ടു നടക്കുന്നു (സ്ലോ
മോഷനല്ലാതെ പിന്നെ !).
സീന്‍ -02 (അങ്ങനെയൊന്നുമില്ല)
അവരങ്ങനെ നടന്നു നടന്നു പോകുമ്പോള്‍ കിഴക്കേ ചക്രവാളസീമയില്‍ നിന്ന് നാലഞ്ചു കാക്കകളെ ഓടിച്ചുകൊണ്ട് ഒരു ഹെലികോപ്ടര്‍ പറന്നു വരുന്നു. ജീവനും കൊണ്ടു പറക്കുന്ന കാക്കകളുടെ ക്ലോസപ്പ്. കൂനന്റെ നിര്‍വികാരമായ കണ്ണിലെ കൃഷ്ണമണികളില്‍ പ്രതിഫലിക്കുന്ന കാക്കകളുടെ ചിറകടിയുടെ എക്ട്രീം ക്ലോസപ്പ്. പിന്നിലുള്ള ഏഴംഗ സംഘം ഈ സിനിമയുമായി ബന്ധമില്ലാത്ത ഏതോ തെരുവുനാടകം
കളിക്കാന്‍ വന്ന പരിഷത് പ്രവര്‍ത്തകരെപ്പോലെ ചുമ്മാ എന്നതാ ഏതാ എന്നറിയാന്‍മേലാത്ത പോലെ അങ്ങനെ നിക്കുന്നു.
അപ്പോഴേക്കും മറ്റേ ഹെലികോപ്ടര്‍ പറന്നു പറന്നു കൂനന്റെ തലയ്ക്കു മുകളിലെത്തിയിട്ടുണ്ടാവും. ആദ്യം പറന്നു വന്ന കാക്കകള്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ അപ്രത്യക്ഷരാകുന്നതിന്റെ ഒരു പാനിങ് ഷോട്ട് കൊണ്ടു വന്ന് ഹെലിക്പോട്റിന്റെ കറങ്ങുന്ന ഫാനില്‍ ക്ലോസപ്പായി കൊണ്ടുവന്ന് ലിങ്ക് ചെയ്യാം. ഷോട്ടുകളുടെ കാര്യത്തില്‍ നമ്മള്‍ പുലിയല്ലേ, പുലി !!
അടുത്ത ഷോട്ട് കൂനന്റെ മുഖത്തെ നിര്‍വികാരത. പരിഷത് നാടകക്കാര്‍ കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡ് കാണാന്‍ നില്‍ക്കുന്ന ഉല്‍വകമ്മിറ്റിക്കാരെപ്പോലെ നില്‍ക്കുന്നു. ഹെലികോപ്ടറിന്റെ അകത്തു നിന്ന് ഉലക്കപോലെ ഒരു സാധനം പുറത്തേക്കു നീളുന്നു. സാധനത്തിന്റെ അറ്റം കാണുമ്പോള്‍ നമ്മള്‍ പാവം പ്രേക്ഷകര്‍ തിരിച്ചറിയുന്നു, അതൊരു ഭയങ്കരന്‍ തോക്കാണ്. കൂനന്റെ മുഖത്ത്
പിന്നെയും നിര്‍വികാരത (തോക്ക് കണ്ടിട്ട്, പേടിക്കാനോ ? ചിരിക്കുന്നില്ല എന്നു മാത്രം എന്നൊരു മട്ട്!).
എന്നാലും കൂനന്റെ കണ്ണുകള്‍, തോക്കിന്റെ അറ്റം കൂനന്റെ ഷൂസ്, തോക്കിന്റെ കാഞ്ചിയിലിരിക്കുന്ന വിരല്‍ എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ക്ലോസപ്പ് ഷോട്ടുകള്‍ ഇടവിട്ട് ഇടവിട്ട് കാണിക്കണം. പെട്ടെന്ന് വിരല്‍ കാഞ്ചിയിലമരുന്നു. ഒരു ബുള്ളറ്റ് ഹെലികോപ്ടറിങ്കല്‍ നിന്ന് കൂനനെ ലഭ്യമാക്കി പായുന്നു. ഇടതുകാല്‍ വലത്തോട്ടു വച്ച് വലതുകാല്‍ ഇടത്തോട്ടു വച്ച് ഇടതു കൈ
വലത്തോട്ടുയര്‍ത്തി ഇടതു കൈ വലത്തോട്ടുയര്‍ത്തി, നിന്നിടത്ത് നിന്ന് ചുമ്മാ ഒന്നു ഞെരിഞ്ഞമര്‍ന്ന് കൂനന്‍ ഒന്ന് എബൌട്ടേണ്‍ അടിക്കുന്നു. വന്ന ബുള്ളറ്റൊണ്ട് വന്നതിനേക്കാള്‍ വേഗത്തില്‍ ഹെലികോപ്ടറിങ്കലേക്ക് തിരിച്ചു പോകുന്നു.
എഷ്യാനെറ്റിലെ സിനിമാലയും കെ.പി.മോഹനന്റെ ഇന്റര്‍വ്യൂവും ഒന്നിച്ചുകണ്ടതുപോലെ പരിഷത് സംഘം ആകാശത്തേക്ക് നോക്കി വായും പൊളിച്ചു നിക്കുന്നു. ആകാശത്ത് ഹെലികോപ്ടര്‍ ഒരു ചൈനീസ് ഗുണ്ടുപോലെ ഗുമുഗുമാ എന്നു പറഞ്ഞ് കത്തിത്തീരുന്നു. അങ്ങോട്ടൊന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകലുന്ന കൂനന്‍. ആകാശത്ത് തീയിങ്ങനെ കത്തി നില്‍ക്കുമ്പോള്‍ കൂനനെ അനുഗമിക്കുന്ന
പരിഷതുകാര്‍.അവര്‍ പിന്നെയും നടക്കുന്നു.
സീന്‍ 35 (സത്യമായിട്ടും ഒള്ളതാ)
കൂനനും സംഘവും നടക്കുന്നു (സ്ലോ മോഷനില്‍, അല്ലാതൊരു നടപ്പില്ല). നടന്നു നടന്നു പോകുമ്പോള്‍ റോഡിന്റെ സൈഡില്‍ അന്ധയായ ഒരു നാടോടിപ്പെണ്ണിനെ (നവ്യ നായര്‍) മോളെസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര കുറ്റവാളി ഡിസൂസയെ കാണുന്നു. സീന്‍ കാണുന്നതേ പരിഷത് സംഘം ഓടിച്ചെന്ന് കൊച്ചിനെ രക്ഷിക്കുന്നു. കൂനന്‍ ചുമ്മാ നിക്കുന്നതേയുള്ളൂ. കൊച്ചിനെ തടിയന്‍മാര്‍
രക്ഷിച്ചുകഴിയുമ്പോള്‍ ഒറു നിമിഷം താന്‍ അന്ധയാണല്ലോ എന്നതു പോലും മറന്ന് കൊച്ച് വന്ന് കൂനന്റെ കാല്‍ തൊട്ട് നമസ്കരിക്കുന്നു. ചുമ്മാ നടക്കുകയല്ലാതെ ഇരിക്കാനോ കുനിയാനോ പോലും പറ്റാത്ത കൂനന്‍ അതേ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നു. കാലില്‍ നിന്നെണീറ്റ് കൂനന്റെ സുന്ദരമായ മുഖത്തേക്ക് നോക്കുന്ന അന്ധയായ നാടോടി പെണ്‍കുട്ടിയുടെ കണ്ണുകളിലേക്കിറങ്ങുന്ന
ക്യാമറ (പ്ലീസ്, അതിനെ ഉപദ്രവിക്കരുത്)
സീന്‍ 36 (35 കഴിഞ്ഞാല്‍ 36- അതാണു നാട്ടുനടപ്പ്)
സോങ് ആണ്. സ്ലോ മോഷനില്‍ തന്നെ നടക്കുന്ന കൂനന്‍. കൂനന്റെ ചുറ്റും നടന്ന് പാട്ടുപാടുന്ന അന്ധയായ നാടോടി പെണ്‍കുട്ടി. കുഞ്ഞനിങ്ങനെ നടന്നുകൊണ്ടിരുന്നാല്‍ മാത്രം മതി.
സീന്‍ 52
ആശുപത്രിയില്‍ നില്‍ക്കുന്ന കറുത്ത കോട്ടുകളിട്ട കൂനനും സംഘവും. വെളുത്ത കോട്ടിട്ട പാവപ്പെട്ട ഒരു ഡോക്ടര്‍ അവിടേക്കു വരുന്നു. കുട്ടിക്ക് കാഴ്ചയില്ലാത്തതുകൊണ്ടാണ് ഒന്നും കാണാന്‍ കഴിയാത്തതെന്നും കണ്ണിന്റെ ഫിലമെന്റ് മാറി വച്ചാല്‍ വല്ലതുമൊക്കെ കാണാന്‍ പറ്റിയേക്കുമെന്നും പറയുന്ന ഡോക്ടര്‍. എന്നാല്‍, കൂനന്‍ ഒരന്താരാഷ്ട്ര കുറ്റവാളിയായതുകൊണ്ട് (കുഴല്‍ഫോണ്‍
ഇടപാട്) ഓപ്പറേഷന്‍ അവിടെ നടത്താന്‍ പറ്റില്ല എന്നു ഡോക്ടര്‍ പറയുന്നു. ഒന്നും മിണ്ടാതെ കൂനന്‍ ഒരു സിഗരറ്റ് എടുത്തു കത്തിക്കുന്നു. അതൊരു കോഡ് ആയി മനസ്സിലാക്കിയിട്ടെന്ന പോലെ സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി ഒരു ബാഗും ചുമന്ന് അവിടെയെത്തുന്നു. ഡോക്ടര്‍ മന്ത്രിയെ വണങ്ങുന്നു. മന്ത്രിയാകട്ടെ കൂനനെയാണ് വണങ്ങുന്നത്. വണക്കമാസവും കൊന്തനമസ്കാരവും കഴിയുമ്പോള്‍
കൂനന്‍ സിഗരറ്റ് താഴേയ്ക്കിടുന്നു. അത് താഴേയ്ക്കു വീഴുന്നത് എസ്ക്ട്രീം ക്ലോസപ്പില്‍ എക്ട്സ്ട്രീം സ്ലോ മോഷനില്‍ നമ്മള്‍ കാണിക്കും.
മന്ത്രി ബാഗ് ഡോക്ടറെ ഏല്‍പിക്കുന്നു. ഡോക്ടര്‍ ബാഗ് തുറന്നു നോക്കുമ്പോള്‍ പാളയം മാര്‍ക്കറ്റില്‍ മത്തി അടുക്കി വച്ചിരിക്കുന്നതുപോലെ കെട്ടു കെട്ടായി അടുക്കി വച്ചിരിക്കുന്ന അമേരിക്കന്‍ ഡോളര്‍ നോട്ടുകെട്ടുകള്‍. ആ ആശുപത്രിയും ആശുപത്രി വക മെഡിക്കല്‍ കോളജും 200 ഏക്കര്‍ കോംപൌണ്ടും കൂടി ഒറ്റ വിലയ്ക്ക് കൂനന്‍ വാങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ് ഒരു എഗ്രിമെന്റ്
പേപ്പറും മന്ത്രി മേശപ്പുറത്ത് വയ്ക്കുന്നു. പേടിച്ചു വിറയ്ക്കുന്ന കൈകളോടെ എഗ്രിമെന്റില്‍ ഒപ്പിടുന്ന ഡോക്ടര്‍. അതു കഴിയുമ്പോള്‍ ഒരു ഭാവവും കാണിക്കാതെ ഇറങ്ങി നടക്കുന്ന കൂനന്‍.
സീന്‍ 56 (ഫയങ്കരവാ !)
കുറ്റാക്കുറ്റിരുട്ട് രാത്രി. കോരിച്ചൊരിയുന്ന മഴ. കറുത്ത മേഴ്സി ഡ്രെസ്സ് ബെന്‍സില്‍ കറുത്ത കോട്ടിട്ട് ഓടിച്ചു പോകുന്ന കൂനന്‍. ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ കുഞ്ഞന്‍ കാണുന്നു, തന്റെ നാടോടിപ്പെണ്ണ് നനഞ്ഞ് ഒട്ടി ഹൈവേയിലൂടെ ചാരിത്യ്രവും കൊണ്ടോടുന്നു. പിന്നാലെ അന്താരാഷ്ട്ര കുറ്റവാളി ഡിസൂസ. കുഞ്ഞന്‍ ചേസ് ചെയ്യുന്നു. എന്നാല്‍ പെട്ടെന്ന് ഓട്ടക്കാര്‍
ഹൈവേയില്‍ നിന്ന് സൈഡിലേക്കിറങ്ങുന്നു. കൂനന്‍ കാറ് നിര്‍ത്തി പുറത്തിങ്ങി സ്ലോ മോഷനില്‍ തന്നെ നടക്കുന്നു. അധികം ചെല്ലും മുമ്പേ തന്നെ നാടോടിപ്പെണ്ണ് വലിച്ചുകീറപ്പെട്ട കുപ്പായത്തോടെ മരിച്ചു കിടക്കുന്നു. അവളുടെ അടുത്തിരിക്കുന്ന കൂനന്‍. മുഖത്ത് ഭാവം ഒന്നുമില്ല. അവിടിരുന്ന് മുകളിലേക്കു നോക്കുന്നു. ക്യാമറ അപ്പോള്‍ മുകളിലായിരിക്കണം, മെല്ലൈ വൈഡ് ആവുന്നു.
സീന്‍ 61 (കാണിച്ചു തരാം)
ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുന്ന ഡിസൂസ എന്ന അന്താരാഷ്ട്ര കുറ്റവാളി. കറുത്ത കോട്ടിട്ട കൂനന്‍ തോക്കുമായി സ്ലോ മോഷനില്‍ ഐസിയുവിലേക്കു കടക്കുന്നു. കൂനനെ കാണുന്ന ഡിസൂസ ഐസിയുവിന്റെ ചില്ല് പൊട്ടിച്ച് രക്ഷപെടാന്‍ വേണ്ടി ഏഴാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നു. പക്ഷെ, അയാള്‍ ചാകുന്നില്ല. അയാള്‍ ചെന്നു വീഴുന്നത് ഒരു പാണ്ടിലോറിയുടെ മുകളിലാണ്. ഒരു
വിധത്തില്‍ ചാടിപ്പിടച്ചെണീറ്റ് അയാള്‍ ലോറിയുടെ ഉള്ളിലേക്ക് കടക്കുന്നു.
സീന്‍ 62 (കളിമാക്സ്)
ആശുപത്രിയുടെ ടെറസില്‍ നിന്നു നോക്കുന്ന കൂനന്റെ കയ്യിലേക്ക് പിന്നില്‍ നില്‍ക്കുന്ന പരിഷത് സംഘത്തിലെ ആരെങ്കിലും ഒരുടിവിയുടെ റിമോട് നല്‍കുന്നു. റിമോട് വാങ്ങി അതിന്റെ വോളിയം കൂട്ടുന്ന സ്വിച്ചില്‍ കൂനന്‍ ഞെക്കുന്നു. അപ്പോള്‍ അതാണ്ട് ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയെത്തി കഴിഞ്ഞ ലോറി പൊടുന്നനെ ഒരഗ്നിഗോളമായി മാറുന്നു.
ഭും !!!!
ടെറസിലൂടെ സ്ലോ മോഷനില്‍ നടക്കുന്ന കൂനനും സംഘവും. അവര്‍ അങ്ങനെ നടന്നുകൊണ്ടേയിരിക്കുന്നു. ആ സമയത്ത് ടൈറ്റില്‍സ് ഒരു വശത്തുകൂടി കടന്നു പോകുന്നു. പടം കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടുപോവുമ്പോഴും അവര്‍ നടന്നുകൊണ്ടിരിക്കും. അവരെ സമ്മതിക്കണം !
No comments:
Post a Comment