Saturday, November 20, 2010

shikar out

ദിലീപ്‌ വീണ്ടും ചിരിക്കുന്നു, വിജയച്ചിരി. 'പാപ്പീ അപ്പച്ചാ'യുടെ വന്‍
വിജയത്തിന്‌ ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ്‌ ദിലീപ്‌ ചിത്രമായ കാര്യസ്ഥന്‍
റിലീസാകുന്നത്‌. കഥയില്‍ പുതുമയൊന്നുമില്ലെങ്കിലും പടം ഹിറ്റാകുകയാണ്‌.
തോംസണ്‍ സംവിധാനം ചെയ്ത കാര്യസ്ഥനാണ്‌ ഇത്തവണ ഹിറ്റ്‌ ചാര്‍ട്ടില്‍
ഒന്നാം സ്ഥാനത്ത്‌.

എല്ലാ റിലീസിംഗ്‌ കേന്ദ്രങ്ങളിലും ഗംഭീര ഇനിഷ്യല്‍ നേടിയ കാര്യസ്ഥന്‍
മൂന്ന് വാരത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കും. 72
കേന്ദ്രങ്ങളില്‍ റിലീസായ ഈ സിനിമ ആദ്യവാരം 1.65 കോടി രൂപയാണ്‌ ഷെയര്‍
നേടിയത്‌. ചിത്രം ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍
ഹൗസില്‍ തുടരുകയാണ്‌.

ഹിറ്റ്‌ ചാര്‍ട്ടില്‍ നിന്ന് മോഹന്‍ലാലിന്റെ മെഗാഹിറ്റ്‌ ചിത്രമായ
ശിക്കാര്‍ പുറത്തായതാണ്‌ ഈയാഴ്ചത്തെ മറ്റൊരു പ്രധാന ബോക്സോഫെസ്‌ വിശേഷം.
ഇനിഷ്യല്‍ കളക്ഷന്‍ കൊണ്ടുമാത്രം മെഗാ വിജയമായിത്തീരുകയും 20 ദിവസത്തിന്‌
ശേഷം തകര്‍ന്നടിയുകയും ചെയ്യുകയായിരുന്നു ശിക്കാര്‍. മോഹന്‍ലാലിന്റെ
താരമൂല്യം കൊണ്ടുമാത്രം നിര്‍മ്മാതാവിന്‌ കോടികള്‍
ലാഭമുണ്ടാക്കിക്കൊടുത്ത സിനിമയായി ശിക്കാര്‍ മാറി.

എല്‍സമ്മ എന്ന ആണ്‍കുട്ടി ഹിറ്റ്‌ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്‌.
വെറും 1.75 കോടി മുതല്‍മുടക്കുള്ള ഈ സിനിമ ഇപ്പോള്‍ തന്നെ
അഞ്ചുകോടിയിലധികം കളക്ടു ചെയ്തുകഴിഞ്ഞു. എറണാകുളത്തുമാത്രം 35 ദിവസം
കൊണ്ട്‌ കാല്‍ക്കോടിയിലധികം ഷെയര്‍ ലഭിച്ചു. ഒരു ചെറിയ ചിത്രത്തിന്റെ
മഹത്തായ വിജയമാണ്‌ എല്‍സമ്മ ആഘോഷിക്കുന്നത്‌.

മറ്റൊരു ചെറിയ ചിത്രമായ 'പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയിന്റ്‌'
തകര്‍പ്പന്‍ വിജയമാണ്‌ സ്വന്തമാക്കിയത്‌. മലയാള സിനിമയെ അടൂത്ത
ഘട്ടത്തിലേക്കു നയിക്കാന്‍ പ്രാപ്തിയുള്ള മികച്ച സിനിമകളുടെ
കൂട്ടത്തിലാണ്‌ പ്രാഞ്ചിയേട്ടന്റെ സ്ഥാനം. രഞ്ജിത്തിന്റെ ഈ സറ്റയര്‍
മമ്മൂട്ടിയുടെ വ്യത്യസ്തമായ അഭിനയശൈലിയിലൂടെയാണ്‌ പ്രേക്ഷകര്‍ക്ക്‌
പ്രിയങ്കരമായത്‌. തൃശൂരിലും എറണാകുളത്തും അസാധാരണമായ ബിസിനസാണ്‌ ഈ
സിനിമയ്ക്ക്‌ നടക്കുന്നത്‌. ഹിറ്റ്ചാര്‍ട്ടില്‍ പ്രാഞ്ചിയേട്ടന്‍ മൂന്നാം
സ്ഥാനത്താണ്‌.

പൃഥ്വിരാജിന്റെ അന്‍വര്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ്‌.
മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ ഹിറ്റ്‌ പട്ടികയില്‍
ഇടംപിടിച്ചു കഴിഞ്ഞു. എന്നാല്‍ കുടുംബപ്രേക്ഷകരുടെ തിരക്കില്ലാത്തത്‌
ബോക്സോഫീസില്‍ അന്‍വറിന്റെ പ്രകടനത്തിന്‌ മങ്ങലേല്‍പ്പിച്ചു. മികച്ച
ഗാനങ്ങളും പൃഥ്വിയുടെ പെര്‍ഫോമന്‍സും നല്ല ലൊക്കേഷനുകളുമാണ്‌ അന്‍വറിന്റെ
പ്രത്യേകത. വാരാന്ത്യങ്ങളില്‍ എല്ലാ കേന്ദ്രങ്ങളിലും ഹൗസ്‌ ഫുള്ളായാണ്‌
അന്‍വര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

അനൂപ്‌ മേനോന്‍ - ജയസൂര്യ ടീമിന്റെ കോക്ടെയില്‍ നല്ല സിനിമയെന്ന
അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം
സൃഷ്ടിക്കുന്നില്ല. മലയാളത്തില്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥയും
ആഖ്യാനരീതിയുമാണ്‌ നവാഗത സംവിധായകന്‍ അരുണ്‍കുമാര്‍ പരീക്ഷിക്കുന്നത്‌.
വന്‍ താരങ്ങളുടെ സാന്നിധ്യമില്ലാത്തതും പബ്ലിസിറ്റിയുടെ കുറവുമാണ്‌
കോക്ടെയിലിന്‌ ദോഷമാകുന്നത്‌. ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്‌
കോക്ടെയില്‍.

കഴിഞ്ഞ ദിവസം റിലീസായ 'ദി ത്രില്ലര്‍' എന്ന പൃഥ്വിരാജ്‌ ചിത്രം
തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയാണ്‌. ഈ വാരാന്ത്യം കഴിയുമ്പോള്‍
ത്രില്ലര്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടുമെന്നാണ്‌ പ്രതീക്ഷ.


http://malayalam.webdunia.com/entertainment/film/topmovies/1011/19/1101119018_1.htm

No comments: