'ഒരേ കടല്‍' ടീം വീണ്ടും ഒത്തുചേരുന്നു. അതേ, 'ഇലക്ട്ര'യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്‍റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.
മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു ക്രൈമിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്.
2007ലാണ് 'ഒരേ കടല്‍' റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്.
മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് 'അമ്മ' തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു.
എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്.
No comments:
Post a Comment