Saturday, January 8, 2011

SURESH GOPI AGAINST MOHANLAL

സുരേഷ് ഗോപി - Suresh Gopi
PRO
PRO
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട്
അമ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്‍റെ
പേരില്‍ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയെന്ന് സുരേഷ് ഗോപി
വെളിപ്പെടുത്തി. കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍
സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. അമ്മയും തിലകനുമായുള്ള
സംഘര്‍ഷത്തില്‍ താന്‍ തിലകന്‍ ചേട്ടന്‍റെ കൂടെ നില്‍‌ക്കുന്നുവെന്നും
സുരേഷ് ഗോപി പറഞ്ഞു. പരിപാടിയില്‍ തിലകനെ ന്യായീകരിക്കുന്ന തരത്തിലാണ്
സുരേഷ് ഗോപി സംസാരിച്ചത്. മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താരങ്ങള്‍ തന്നെ
ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന തിലകന്‍റെ ആരോപണത്തെ സുരേഷ് ഗോപി
പരോക്ഷമായി ശരിവച്ചു.

"കെ കരുണാകരനുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.
അതിനെ തന്റെ സുഹൃത്ത് കൂടിയായ രാഷ്ട്രീയ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്ത്
ഒരു പത്രത്തില്‍ ലേഖനം എഴുതിയതോടെ ലീഡറെ താന്‍ കാണാന്‍ പോകാതെയായി.
ലീഡറുടെ പാദത്തില്‍ നെറ്റി മുട്ടിച്ചാല്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍
സ്‌പര്‍ശിച്ചതുപോലെ തോന്നും. ഇതും നെഞ്ചില്‍ കൈവെച്ചാണ് താന്‍ പറയുന്നത്.
ഇകെ നായനാരോടും ഇതുപോലെ സൗഹൃദമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ
പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനോട് മമതയും സ്‌നേഹവുമുണ്ട്.
എങ്കിലും, ഞാന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് ആരും കരുതേണ്ട. എനിക്ക്
സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു താല്‍‌പര്യവുമില്ല, എന്നെയാരും
രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല."

"ഞാന്‍ ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രകൃതിയുടെ
സംതുലാനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
പാര്‍ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നുമില്ല. ബയോളജി പഠിച്ച
വ്യക്തി എന്ന നിലയില്‍ കണ്ടല്‍ പാര്‍ക്ക് പരിസ്ഥിതിയ്ക്ക് കോട്ടം
തട്ടില്ലെന്ന് എനിക്കറിയാം. അവിടുത്തെ പ്രശ്‌നം രാഷ്ട്രീയം മാത്രമാണ്.
കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഈ വിഷയത്തില്‍
കൂടുതല്‍ പ്രതികരിക്കുന്നില്ല. എന്തായാലും, മാധ്യമപ്രവര്‍ത്തകര്‍
പാര്‍ക്കിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് അവിടെ പോയി
പ്രവര്‍ത്തനങ്ങള്‍ കാണുന്നത് നല്ലതായിരിക്കും."

"ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ തീയേറ്ററില്‍ തകര്‍ന്നടിയുന്നത് വളരെ
ദുഃഖത്തോടെ കണ്ടിട്ടുള്ള ആളാണ് ഞാന്‍. കഥയില്ലായ്മ മലയാള സിനിമ നേരിടുന്ന
പ്രശ്‌നമാണ്. ചില സിനിമകള്‍ ചെയ്ത്‌ പകുതിയാവുമ്പോള്‍ അതു പെട്ടെന്നു
പൊട്ടുമെന്ന്‌ മനസ്സിലാവാറുണ്ട്‌. അടുത്തകാലത്തിറങ്ങിയ എന്‍റെ സിനിമകള്‍
പരാജയപ്പെടാനുണ്ടായ കാരണങ്ങളുടെ കൂട്ടത്തില്‍ സിനിമ തിരഞ്ഞെടുത്തതിലെ
പാളിച്ചകളും ഉണ്ടെന്ന് എനിക്കറിയാം. ഓരോ സിനിമകള്‍ക്കും അതിന്‍റേതായ
സാഹചര്യവും സന്ദര്‍ഭവും ഉണ്ട്‌. സാഹചര്യവും സന്ദര്‍ഭവും തെറ്റിയിറങ്ങുന്ന
സിനിമകള്‍ പരാജയപ്പെടും."

"2004-ല്‍ സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്മ
വിളിച്ചുചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്‍റെ പേരില്‍
എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. ലാലിനെ സംരക്ഷിക്കാന്‍
ചാടിപുറപ്പെട്ട എനിക്ക്‌ പിന്നീട്‌ തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍
ആരുമില്ലാത്ത അവസ്ഥയാണുണ്ടായത്‌. ഇനി ആരെയും താങ്ങാന്‍ ഞാന്‍
നിന്നുകൊടുക്കില്ല. എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം
സംഘടനയില്‍ ഉണ്ടാകേണ്ടത്. ഒരാളെ വിലക്കാനും അവഗണിക്കാനും വേണ്ടിയാവരുത് ആ
പ്രവര്‍ത്തനം. നല്ല കുടുംബാന്തരീക്ഷം സംഘടനയില്‍ ഉണ്ടാകേണ്ടത്
അത്യാവശ്യമാണ്. അതോടൊപ്പം സംഘടനാതത്വം എല്ലാവര്‍ക്കും ബാധകമായിരിക്കുകയും
വേണം. എന്നാല്‍ പരസ്‌പരം ചളിവാരി എറിയലും മറ്റുള്ളവരെ ഉന്നംവെച്ചുള്ള
പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്."

"തിലകന്‍ ചേട്ടന്‍റെ കാര്യത്തില്‍ സംഭവിച്ചതില്‍ എനിക്ക് ദുഖമുണ്ട്.
തിലകന്‍ ചേട്ടന്‍ പറയുന്ന ചില കാര്യങ്ങളില്‍ സത്യമുണ്ട്. ചിലര്‍
അദ്ദേഹത്തെ ശരിക്കും ഒതുക്കുകയായിരുന്നു. മലയാള സിനിമാ മേഖലയില്‍
നിലനില്‍ക്കുന്ന വല്യേട്ടന്‍ മനോഭാവത്തെക്കുറിച്ച് നടന്‍ തിലകന്‍
ചേട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും പറയാന്‍ പറ്റുന്നതുമാത്രമേ
പറയാന്‍ പാടുള്ളൂ. എനിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍പോലും
പരിധിവിട്ട് പറയാറില്ല. തിലകന്‍ ചേട്ടനും അതുപോലെ ചെയ്യണമായിരുന്നു.
ഞാന്‍ തിലകന്‍ ചേട്ടനെ പൂര്‍ണമായും ന്യായീകരിക്കുന്നില്ല. എന്നാല്‍,
സാഹചര്യവും, പരിസരവും നോക്കാതെ തോന്നിയപോലെ തിലകന്‍ ചേട്ടന്‍ വികാര
പ്രകടനം നടത്തിയത് ശരിയായില്ല. അത് വിവാദം ആളിക്കത്താനാണ് സഹായിച്ചത്" -
സുരേഷ് ഗോപി പറഞ്ഞു.

No comments: