Friday, December 10, 2010

Best Actor Review

ചന്ദ്രലേഖ'യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ 'മാന്ത്രികം' എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു
തിയേറ്റര്‍മുറ്റത്ത്.

ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക
കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....

മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ 'ബെസ്റ്റ് ആക്ടര്‍' എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. 'മോഹന്‍ലാലിന്‍റെ കുത്തക' എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും
അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.

നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്.
മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.

ഞാന്‍ സത്യത്തില്‍ 'ഡാഡി കൂള്‍' പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. 'സ്വപ്നമൊരു ചാക്ക്' എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.

സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു
കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.

ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു
നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ 'ഉദയനാണ് താരം' ആണ്.

തന്‍റെ അഭിനയജീവിതത്തില്‍ 'രാജമാണിക്യം' ഒരു വഴിമാറി നടത്തമായിരുന്നെങ്കില്‍ മമ്മൂട്ടി ബെസ്റ്റ് ആക്ടറിലൂടെ ഒരു പുതുവഴി തേടുകയാണ്. ഒരു തകര്‍പ്പന്‍ സിനിമയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും മമ്മൂട്ടിയും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കാഴ്ചയാണ് തിയേറ്ററില്‍
കാണാനായത്. സംവിധായകന്‍ ലാല്‍ ജോസിന്‍റെ വീട്ടിലെത്തിയ മോഹന്‍ മാഷോട് "ആരാ..." എന്ന് കുളപ്പുള്ളീ ലീല അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നു. "മോഹന്‍" എന്ന് മറുപടി. "ദേ..മോഹന്‍ലാല്‍ കാണാന്‍ വന്നിരിക്കുന്നു" എന്നാണ് ലീല വീടിനുള്ളിലേക്കുനോക്കി വിളിച്ചുപറയുന്നത്. തിയേറ്റര്‍ ഇളകിമറിഞ്ഞു അക്ഷരാര്‍ത്ഥത്തില്‍.

മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മോഹന്‍. ഉജ്ജ്വലമായാണ് അദ്ദേഹം അതിന് ജീവന്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സാവിത്രിയായി അഭിനയിക്കുന്നത് കന്നഡ താരം ശ്രുതി രാമകൃഷ്ണനാണ്. അധികം പെര്‍ഫോം ചെയ്യാന്‍ ഇല്ലെങ്കിലും ശ്രുതി കിട്ടിയ വേഷം നന്നാക്കി. നെടുമുടി വേണുവിന് 'എല്‍‌സമ്മ'യ്ക്ക് ശേഷം കിട്ടുന്ന നല്ല കഥാപാത്രമാണ് ഡെന്‍‌വര്‍
ആശാന്‍. വേണു അത് പൊലിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഈ കാലത്ത് മങ്ങിപ്പോയ സലിം കുമാറിന്‍റെ അതിഗംഭീര തിരിച്ചുവരവ് കൂടിയാണ് ബെസ്റ്റ് ആക്ടര്‍. സലിം നിറഞ്ഞാടിയിരിക്കുകയാണ്. ബിജുക്കുട്ടനും തനിക്കു ലഭിച്ച കഥാപാത്രത്തെ ഗംഭീരമാക്കി. എടുത്തുപറയേണ്ട മറ്റു പല പ്രകടനങ്ങളുമുണ്ട്. ക്ലൈമാക്സിന്‍റെ രഹസ്യം പൊളിയുമെന്നതിനാല്‍ അത്
പരാമര്‍ശിക്കുന്നില്ല.

ഗാനങ്ങളില്‍ "സ്വപ്നമൊരു ചാക്ക്" തന്നെയാണ് മുന്നില്‍. മറ്റെല്ലാം ശ്രവണസുന്ദരമായ പാട്ടുകളാണെങ്കിലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഏവരും മൂളിയതും തലയില്‍ താങ്ങിക്കൊണ്ടുപോയതും സ്വപ്നമൊരു ചാക്ക് തന്നെയായിരുന്നു. അജയന്‍ വിന്‍‌സന്‍റിന്‍റെ ക്യാമറ രണ്ടു വ്യത്യസ്തമായ ലോകങ്ങളെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. മോഹന്‍ മാഷിന്‍റെ കുടുംബ ജീവിതവും
ഗുണ്ടകള്‍ക്കൊപ്പമുള്ള അയാളുടെ ജീവിതവും അജയന്‍റെ ക്യാമറ പ്രേക്ഷക ഹൃദയത്തില്‍ പതിപ്പിച്ചു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ രംഗങ്ങളൊക്കെ അജയന്‍റെ ഛായാഗ്രഹണ മികവ് തെളിയിക്കുന്നുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമയില്‍ തന്‍റെ തുടക്കം അവിസ്മരണീയമാക്കി. മമ്മൂട്ടി എന്ന നടന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെയും രസകരവും ലളിതവുമായ ഒരു സിനിമയെയുമാണ് മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത്. ഒരു ഷോ കണ്ടുകഴിഞ്ഞ് അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്ന ഒരാള്‍ എന്നോടു പറഞ്ഞു - "ഞാന്‍ മമ്മൂട്ടിയുടെ ആരാധകനല്ല..പക്ഷേ ഈ സിനിമയുടെ
ആരാധകനായിപ്പോയി" എന്നാണ്. പ്രേക്ഷകര്‍ക്ക് ഏറെക്കാലം കൂടി ലഭിക്കുന്ന നല്ലൊരു എന്‍റര്‍ടെയ്നറാ‍ണ് ബെസ്റ്റ് ആക്ടര്‍. പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുന്നു. കാണുക, ആസ്വദിക്കുക

No comments: