Monday, December 6, 2010

RANJITH AND MAMMOOTTY JOINS AGAIN

പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ്മേക്കര്‍ രഞ്ജിത്തും വീണ്ടും
ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി
നായകനാകുന്നു. ചിത്രത്തിന് പേര് - രാവ് മായുമ്പോള്‍. സംവിധാനം പക്ഷേ
രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ്
ഈ സിനിമ സംവിധാനം ചെയ്യുന്നത്.

കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്‍
നിര്‍മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത്
എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുമ്പ്
'രാവ് മായുന്നു' എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത്
പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി നടക്കാതെ പോയി.
ഒരു ചിത്രകാരന്‍റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്‍
ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക്
പരിഗണിക്കപ്പെട്ടിരുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം രാവ് മായുമ്പോള്‍ എന്ന പേരില്‍ ഒരുങ്ങുന്നത് അതേ
പ്രമേയമാണെന്നാണ് സൂചന. രേവതി ഈ പ്രൊജക്ടിന്‍റെയും ഭാഗമാണെന്ന്
അറിയുന്നു. മീരാ ജാസ്മിന്‍ നായികയായേക്കുമെന്നാണ് ഏറ്റവും ഒടുവില്‍
ലഭിച്ച റിപ്പോര്‍ട്ട്.

ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു
എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട്
എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ
രചിച്ചവ.

ജി എസ് വിജയന്‍റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു
നായകന്‍. പിന്നീട് ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം,
കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തു. കവര്‍സ്റ്റോറി
പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ്
വിജയന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

No comments: