Tuesday, September 22, 2009

മമ്മൂട്ടിയും ജയരാജും ചരിത്രം രചിക്കുന്നു[install malayalam fonts to read this post]

ജയരാജിന് എന്തുപറ്റി' എന്നത് ഏറെക്കാലമായി മനസിനെ അലട്ടുന്ന ചോദ്യമാണ്. ക്ലാസിക് ടച്ചുള്ള സിനിമകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഈ ഭരതശിഷ്യന്‍ അടുത്തിടെയായി പടച്ചുവിടുന്ന ചവറുകള്‍ അദ്ദേഹത്തിന്‍റെ പഴയ 'ഇഷ്ടക്കാരെ' വിഷമിപ്പിച്ചിരുന്നു. അശ്വാരൂഡനും റെയ്ന്‍‌ റെയ്നും ഒക്കെ കണ്ടവര്‍ ജയരാജില്‍ നിന്ന് ഇനിയൊരു നല്ല സിനിമ പിറക്കില്ലെന്ന് ഉറപ്പിച്ചു.
ആനന്ദഭൈരവി അല്‍‌പം പ്രതീക്ഷ നല്‍കി. പക്ഷേ, ദേശാടനത്തിന്‍റെ തനിമ പകരാന്‍ ആനന്ദഭൈരവിക്ക് ആയില്ല.

അതുകൊണ്ടുതന്നെ, 'ലൌഡ് സ്പീക്കര്‍' എന്ന പുതിയ സിനിമയുമായി ജയരാജ് എത്തിയപ്പോള്‍ പഴയ ആവേശമൊന്നും പ്രകടിപ്പിച്ചില്ല. അഭിപ്രായമൊക്കെ അറിഞ്ഞ ശേഷം ഈവനിംഗ് ഷോയ്ക്ക് പോകാമെന്ന് കരുതി. പലരെയും വിളിച്ച് പടം എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. 'സിനിമാഭ്രാന്ത'ന്‍‌മാരുടെ ഗാംഗിലെ ആരും തന്നെ പടം കണ്ടിട്ടില്ല. ശരി, അഭിപ്രായങ്ങള്‍ വന്നു തുടങ്ങുന്നതു വരെ കാക്കണ്ട,
പൊയ്ക്കളയാമെന്നു തീരുമാനിച്ചു. ആ തീരുമാനമെടുക്കാന്‍ തോന്നിപ്പിച്ച ശക്തിക്ക് നന്ദി!

ദേശീയ അവാര്‍ഡുകള്‍ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീതനായ സംവിധായകന്‍ ജയരാജ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയ സിനിമയാണ് 'ലൌഡ് സ്പീക്കര്‍'. അടുത്തകാലത്ത് മലയാളത്തിലുണ്ടായ ഒരു 'ഒന്നാന്തരം സിനിമ'. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം. മുഹൂര്‍ത്തങ്ങളുടെ കരുത്തും അഭിനയകുലപതിയുടെ പെര്‍ഫോമന്‍സും കണ്ട് തരിച്ചിരുന്നുപോയ നിമിഷങ്ങള്‍ ധാരാളം.

തികച്ചും ഗ്രാമീണനായ 'മൈക്ക്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശശികുമാര്‍ അവതരിപ്പിക്കുന്ന മേനോന്‍ എന്ന കഥാപാത്രത്തിന് വൃക്ക ദാനം ചെയ്യാനായാണ് മൈക്ക് നഗരത്തിലേക്ക് എത്തുന്നത്. വൃക്ക നല്‍കേണ്ട ദിവസം തീരുമാനിച്ചിട്ടില്ല. അതിനാല്‍ മേനോനൊപ്പം ആ ഫ്ലാറ്റില്‍ മൈക്ക് താമസമാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് 'ലൌഡ്
സ്പീക്കര്‍' എന്ന സിനിമ.

നേര്‍ത്ത തമാശകളും ലാളിത്യമുള്ള മുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. മമ്മൂട്ടിയുടെ പുതിയ രീതിയിലുള്ള വേഷവും രൂപവും ഭാവവുമൊക്കെ അംഗീകരിക്കാന്‍ അല്‍‌പം സമയം വേണ്ടി വരുമെങ്കിലും പിന്നീട് നമ്മുടെ കൂട്ടുകാരനായി മാറുകയാണ് മൈക്ക്. അയാളുടെ ചെറിയ തമാശകള്‍ക്കു പോലും പ്രേക്ഷകര്‍ ചിരിക്കുന്നു. അയാളുടെ കണ്ണു നിറയുമ്പോള്‍ തിയേറ്റര്‍
നിശബ്ദമാകുന്നു. തമാശകള്‍ക്ക് മാറ്റുകൂട്ടാന്‍ ജഗതി അവതരിപ്പിക്കുന്ന കഥാപാത്രവുമുണ്ട്.
മമ്മൂട്ടിക്കും ശശികുമാറിനുമൊപ്പം ഈ സിനിമയിലെ മറ്റൊരു പ്രധാന അഭിനേതാവ് ഒരു റേഡിയോയാണ്. മൈക്ക് എപ്പോഴും കൊണ്ടുനടക്കുന്ന, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആ റേഡിയോ ഒരു കഥാപാത്രം തന്നെയായി മാറുന്നു. തന്‍റെ അച്ഛന്‍റെ വീരസാഹസികതകള്‍ വിവരിക്കുന്ന മൈക്കിന്‍റെ ഭാവചലനങ്ങള്‍ ആരെയും വശീകരിക്കും. അയാളുടെ ഉച്ചത്തിലുള്ള സംസാരശൈലി മമ്മൂട്ടി നന്നായി
ഉള്‍ക്കൊണ്ടിരിക്കുന്നു.

രണ്ടാം പകുതിയാണ് ലൌഡ് സ്പീക്കറിന്‍റെ ആത്മാവ്. ഹൃദയസ്പര്‍ശിയായ, കണ്ണില്‍ ഈര്‍പ്പം പൊടിക്കുന്ന രംഗങ്ങള്‍. നല്ല പാട്ടുകള്‍. ബിജിബാല്‍ ഈണം നല്‍കിയ എല്ലാ ഗാനങ്ങളും മനോഹരമാണ്. മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുന്ന ആ കരോള്‍ ഗാനം തിയേറ്റര്‍ വിട്ടിറങ്ങിയാലും മനസില്‍ നിന്നു മാറില്ല. 'അല്ലിയാമ്പല്‍ കടവില്‍' എന്ന പഴയ ഗാനത്തിന്‍റെ മനോഹരമായ പുനഃസൃഷ്ടിയും
പ്രേക്ഷകനില്‍ ഗൃഹാതുരത ഉണര്‍ത്തുന്നു.

ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗവും ഒരു ഫ്ലാറ്റിനുള്ളിലാണ് നടക്കുന്നത്. മേനോനും മൈക്കും തമ്മിലുള്ള ഹൃദയബന്ധത്തിലൂടെയാണ് കഥ പറയുന്നത്. ഒരു ഗ്രാമീണന്‍റെ ഉള്ളിലെ നന്‍‌മയും വേദനകളും മനസില്‍ തൊടുന്ന രീതിയില്‍ പകര്‍ത്തിയിരിക്കുന്നു. ജയരാജിനെപ്പോലെ തന്നെ മമ്മൂട്ടിയുടെയും തിരിച്ചുവരവാണ് ഈ സിനിമ. കോമാളിക്കഥകളില്‍ നിന്നും കഥാ‍പാത്രങ്ങളില്‍ നിന്നുമുള്ള
ശാപമോക്ഷം. മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. അമരം, വാത്സല്യം തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ ഓര്‍മ്മിപ്പിക്കുന്നു ലൌഡ് സ്പീക്കര്‍. അദ്ദേഹത്തിന്‍റെ സംസാരശൈലിയും മോഡുലേഷനും ഗംഭീരം.

സരസവും രസകരവും നോവുണര്‍ത്തുന്നതുമായ ഒരു കഥാപാത്രത്തെയാണ് ശശികുമാറിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിനയവും കഥയോടു ചേര്‍ന്നു നില്‍ക്കുന്നു. മമ്മൂട്ടിയും ശശികുമാറും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരെ കീഴടക്കുക തന്നെ ചെയ്യും. നായികയായി വരുന്ന ഗ്രേസി സിംഗും കഥാപാത്രത്തോടു നീതിപുലര്‍ത്തി. ലഗാനില്‍ നമ്മള്‍ കണ്ട നായികയേയല്ല അവര്‍ ഈ ചിത്രത്തില്‍.
ഹരിശ്രീ അശോകന്‍റെ ക്രിസ്ത്യന്‍ പാതിരിയും നല്ല കഥാപാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടും ചിരിയുണര്‍ത്തുന്നു.
ജയരാജ് തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ തിരക്കഥയാണിതെന്ന് വിശ്വസിക്കാനാവില്ല. വിദ്യാരംഭം, കുടുംബസമേതം തുടങ്ങിയ ജയരാജ് ചിത്രങ്ങളേപ്പോലെ ഹൃദയസ്പര്‍ശിയാണ് ലൌഡ് സ്പീക്കറും. ലൈവ് സൌണ്ട് റെക്കോര്‍ഡിംഗിന്‍റെ മേന്‍‌മ തിയേറ്ററില്‍ ആസ്വദിച്ചറിയാം.
മലയാളികള്‍ക്ക് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രമാണ് ലൌഡ് സ്പീക്കര്‍. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയുടെ ഒരു ഗംഭീര കഥാപാത്രത്തെയും മലയാളത്തിന് ലഭിച്ചിരിക്കുന്നു. അണിയറപ്രവര്‍ത്തകരുടെ നൂറു ശതമാനം ആത്മാര്‍ത്ഥമായ സമീപനം തന്നെയാണ് ഈ ചിത്രത്തെ ഒരു റംസാന്‍ വിരുന്നാക്കി മാറ്റുന്നത്.


From cricket scores to your friends. Try the Yahoo! India Homepage! http://in.yahoo.com/trynew

No comments: