യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം 'ക്രിസ്ത്യന്‍ ബ്രദേഴ്സ്' മൂന്നുകോടി അഞ്ചുലക്ഷം രൂപ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി റെക്കോര്‍ഡിട്ടു എന്നത് കഴിഞ്ഞ വാരം ലഭിച്ച വലിയ വാര്‍ത്തയാണ്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ വര്‍ണചിത്ര സുബൈര്‍ അറിയിച്ചു."ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് ചെയ്തതിന് ശേഷമേ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കുന്നുള്ളൂ. മൂന്നുകോടി രൂപയ്ക്ക് ഈ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് ഒരു പ്രമുഖ ചാനല്‍ സ്വന്തമാക്കിയെന്ന് വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റായി നല്‍കുന്ന തുകയില്‍ ചാനലുകള്‍ വലിയ കുറവു വരുത്തിയിരിക്കുകയാണ്. നല്ല തുക വിലയായി ലഭിക്കാത്തതിനാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഇതുവരെ ഒരു ചാനലിനും നല്‍കിയിട്ടില്ല" - സുബൈര്‍ വ്യക്തമാക്കി.
മൂന്നുകോടി അഞ്ചുലക്ഷം രൂപയ്ക്ക് ക്രിസ്ത്യന്‍ ബ്രദേഴ്സിനെ ഏഷ്യാനെറ്റ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ട്വന്‍റി 20 സൂര്യ ടി വി വാങ്ങിയത് 2.86 കോടി രൂപയ്ക്കായിരുന്നു. പഴശ്ശിരാജയ്ക്ക് ഏഷ്യാനെറ്റ് 2.62 കോടി നല്‍കി. എന്നാല്‍ ഈ കണക്കുകളൊക്കെ പഴങ്കഥയാക്കി ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സാറ്റലൈറ്റ് റൈറ്റ് മൂന്നുകോടി അഞ്ചുലക്ഷം രൂപയ്ക്ക് ഏഷ്യാനെറ്റ് വാങ്ങിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍.
അഞ്ചുകോടിക്കു മേലെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ്. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, ലക്ഷ്മി റായി, കാവ്യാ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ താരങ്ങള്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
No comments:
Post a Comment