മാസറ്റര്‍പീസുകള്‍ മാത്രമെഴുതുന്ന അദ്ഭുതപ്രതിഭ ശ്രീനിവാസന്‍ കഥ മോഷ്ടിച്ചു എന്ന പരാതി റിലീസിനു മുമ്പ് തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്ത ഒരു നാള്‍ വരും തിയറ്ററുകളിലെത്തി. കഥയെഴുതിയത് ശ്രീനിവാസനാണെങ്കിലും അല്ലെങ്കിലും തിരക്കഥ ശ്രീനിവാസന്‍ ആണെന്നുറപ്പാണ്. പറഞ്ഞു പഴകിയ നമ്പരുകളും ബോറടിച്ചുമരിക്കാറായ കോമഡികളും അനിതരസാധാരണമായ ഇഴച്ചിലും കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തിന്‍റെ കയ്യൊപ്പു ചാര്‍ത്തിയ സിനിമയുടെ വിധിയറിയാന്‍ അധികം കാക്കേണ്ടതില്ല. മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പെടെയുള്ള സ്ഥിരം തിയറ്റര്‍ പ്രേക്ഷകര്‍ കൂവിയും കോട്ടുവായിട്ടും നേരം കൊല്ലുമ്പോള്‍ സീരിയലുകളുടെ ഇഴച്ചില്‍ ശീലമായ കുടുംബപ്രേക്ഷകര്‍ ചിത്രം ആസ്വദിക്കുന്നുണ്ട്.
കഥ തുടരുന്നു, മമ്മി ആന്‍ഡ് മി തുടങ്ങിയ കുടുംബചിത്രങ്ങള്‍ വലിയൊരു തരംഗമുണ്ടാക്കാതെ പോയ കേരളത്തില്‍ ഈ ചിത്രത്തിന്‍റെ ഭാവിയും അത്ര ശോഭനമായിരിക്കുമെന്നു കരുതാന്‍ വയ്യ. 2010ലെ കഥയും 1980ലെ തിരക്കഥയുമാണ് ഈ സിനിമയുടെ ഏറ്റവും സവിശേഷമായ ഘടകം. എന്തുകൊണ്ട് ശ്രീനിവാസന്‍ ഇപ്പോഴും എണ്‍പതുകളില്‍ തന്നെ നില്‍ക്കുന്നു ? പുതുതലമുറക്കാരനായ മകനോട് ഒരു മല്‍സരം വേണ്ടെന്നു വച്ചിട്ടാണോ അതോ സ്വയം കാലഹരണപ്പെട്ടതാണോ ? എന്തായാലും എന്നെപ്പോലെയൊരു സാധാരണക്കാരനു സഹിക്കാവുന്ന അവസ്ഥയിലുള്ളതല്ല സിനിമ. മോഹന്‍ലാലിനു വലിയ പ്രകടനത്തിനോ വിസ്മയത്തിനോ ഒന്നും ചിത്രത്തില്‍ അവസരമില്ല.
കട്ടപ്പനയില്‍ നിന്നു വിറ്റുപെറുക്കി നഗരപരിധിയിലെക്കി വീടുവയ്‍ക്കാനാഗ്രഹിക്കുന്ന സാധാരണക്കാരനായ സുകുമാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അസിസ്റ്റന്‍റ് ടൗണ്‍ പ്ലാനിങ് ഓഫിസറായ ഗോപീകൃഷ്ണനായി ശ്രീനിവാസനും വേഷമിടുന്നു. കൈക്കൂലിക്കാരനായ ഗോപീകൃഷ്ണനെ വീടു വയ്ക്കാനായി സുകുമാരന്‍ സമീപിക്കുമ്പോള്‍, മകള്‍ക്ക് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ശരിയാക്കുന്നതിനു വേണ്ടി അഴിമതിയും അലമ്പുകളുമായി ജീവിക്കുന്ന ഗോപീകൃഷ്ണന്‍ പഴയ ഒരു ഉടക്ക് മനസ്സില്‍ വച്ച് സുകുമാരനെ ഉപദ്രവിക്കുന്നു. വെള്ളാനകളുടെ നാട്, വരവേല്‍പ് തുടങ്ങിയ ചില സിനിമകള്‍ നമ്മുടെ മനസ്സിലേക്കു വരുമെങ്കിലും ആ സിനിമകള്‍ തന്നെയാണ് ഭേദം എന്നു നമ്മള്‍ തിരിച്ചറിയും.
പഴയ മോഹന്‍ലാലിനെ തിരികെ കൊണ്ടുവരുന്നു എന്ന ബ്രാന്‍ഡിങ് പൊളിയുകയാണ്. പഴയ മോഹന്‍ലാലും ശ്രീനിവാസനും പഴയ സിനിമകളിലേയുള്ളൂ എന്ന് കുറഞ്ഞത് കുറഞ്ഞത് മോഹന്‍ലാലും ശ്രീനിവാസനും എങ്കിലും മനസ്സിലാക്കണം. പഴയ ലാല്‍-ശ്രീനിയെ മിസ്സ് ചെയ്യുന്ന പ്രേക്ഷകര്‍ക്ക് കേടു തീര്‍ക്കാന്‍ നാടോടിക്കാറ്റ് (അതിന്‍റെ കഥ സിദ്ദിഖ്-ലാലിന്‍റെ പക്കല്‍ നിന്നും ശ്രീനിവാസന്‍ മോഷ്ടിച്ചതാണ് എന്ന വിവാദം അവസാനിച്ചിട്ടില്ല) പോലെയുള്ള സിനിമകള്‍ സിഡികളായി ഉണ്ട്. ഉദയനാണ് താരം (ബൗഫിഞ്ചര്‍ എന്ന ഹോളിവുഡ് പടത്തിന്‍റെ മോഷണമാണെന്നു പറയുന്നു), കഥ പറയുമ്പോള്‍ (അതിന്‍റെ കഥ തന്‍റേതാണെന്നു പറഞ്ഞ് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പരാതി നല്‍കിയിരുന്നു) തുടങ്ങിയ അദ്ഭുതകരമായ സിനിമകളോടെ ശ്രീനിവാസന്‍റെ തുലിക ഏറെക്കുറെ വരണ്ടു കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു.
മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‍റെ മാര്‍ക്കറ്റ് ഈ പടത്തിനു കിട്ടില്ല. ഹരിഹര്‍ നഗര്‍ കൂട്ടുകെട്ടിലെ മധ്യവയസ്കരായ ചെറുപ്പക്കാരെ തന്നെ നമ്മള്‍ സഹിച്ചത് പാടുപെട്ടാണ്. മേക്കപ്പിട്ടിട്ടുണ്ടെങ്കിലും ലാലേട്ടന് നല്ല പ്രായം തോന്നുന്നുണ്ട്. ശ്രീനിവാസന്‍ വാര്‍ധക്യത്തിലേക്കുള്ള സഞ്ചാരത്തിലാണ്. സുകുമാരനുമായി വഴക്കിട്ട് വിവാഹമോചനം കാത്ത് കേസുമായി കഴിയുന്ന ഭാര്യയായി സമീര റെഡ്ഡി അഭിനയിക്കുന്നു. സമീര റെഡ്ഡിയെക്കൊണ്ട് ചിത്രത്തിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല എന്നു പറയാം. ആ നടിയുടെ മുഖത്തു നിന്ന് ഭാവങ്ങള്‍ കണ്ടെത്തുക എന്നത് ഒരു ചലച്ചിത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് നല്ലൊരു ഗവേഷണവിഷയമായിരിക്കും. എങ്ങനെ നോക്കിയാലും ശരാശരിയോ ശരാശരിയില്‍ താഴെയോ ആണ് ചിത്രത്തിന്‍റെ റേറ്റിങ്. അന്യഭാഷാ സിനിമകളുടെ റിലീസിങ് മാത്രമല്ല, നിര്‍മാണവും കൂടി നിര്‍ത്തിവയ്‍പിച്ചില്ലെങ്കില്‍ മലയാള സിനിമ കട്ടപ്പൊകയാകുമെന്ന് ഏകദേശം ഉറപ്പിക്കാം.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രം ടി.കെ.രാജീവ്കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഥ(?), തിരക്കഥ, സംഭാഷണം- ശ്രീനിവാസന്‍. 2.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ രണ്ടു ഗാനങ്ങളാണുള്ളത്. സംഗീതം എം.ജി.ശ്രീകുമാര്‍. ഗാനങ്ങള്‍ മുരുകന്‍ കാട്ടാക്കട. ദേവയാനി,നെടുമുടി വേണു, സിദ്ദിഖ്, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, കുഞ്ചന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും സിനിമയിലഭിനയിച്ചിട്ടുണ്ട്.
No comments:
Post a Comment