പോക്കിരിരാജ കുതിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി രാജയും സൂര്യയും പുതിയ വിജയകഥ രചിച്ചുകഴിഞ്ഞു. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പോക്കിരിരാജയാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുകോടിയിലധികം രൂപയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ വന്നത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി രണ്ടേകാല്‍ കോടി രൂപയാണ് ലഭിച്ചത്. പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന.
'പാപ്പീ അപ്പച്ചാ' ഒരു അത്ഭുതമാണ്. ആദ്യത്തെ മൂന്നാഴ്ചയ്ക്കുള്ളില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഈ ദിലീപ് ചിത്രം ഫീനിക്സ് പക്ഷിയെപ്പോലെയാണ് പറന്നുയര്‍ന്നത്. നിര്‍മ്മാതാക്കളുടെ സമരം മൂലം മറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താന്‍ വൈകിയത് പാപ്പീ അപ്പച്ചയെ സൂപ്പര്‍ഹിറ്റാക്കിയിരിക്കുകയാണ്. മുടക്കുമുതലിന്‍റെ ഇരട്ടി ഇപ്പോള്‍ തന്നെ ഈ ചിത്രം കളക്ടുചെയ്തു കഴിഞ്ഞു. ദുര്‍ബലമായ തിരക്കഥ, മോശം സംവിധാനം എന്നീ പാളിച്ചകളെ മറികടന്നാണ് ദിലീപിന്‍റെ കോമഡിയുടെ ബലത്തില്‍ ഈ ചിത്രം വന്‍ വിജയം നേടിയെടുത്തത്. ഇത്തരം സിനിമകള്‍ വിജയിക്കുമ്പോള്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരാണ് മുന്നോട്ടുവരികയെന്ന ചോദ്യം അവശേഷിക്കുകയാണ്.
ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഗോസ്റ്റ്‌ഹൌസ് ഇന്‍ ഹിറ്റ്ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ്. പാപ്പീ അപ്പച്ചാ കുതിച്ചുകയറിയപ്പോള്‍ ഗോസ്റ്റ്ഹൌസിന് തിരക്കു കുറയുകയായിരുന്നു. എങ്കിലും വാരാന്ത്യങ്ങളില്‍ തിയേറ്ററുകള്‍ ഹൌസ്ഫുള്ളാകുന്നു. നാല്‍വര്‍ സംഘത്തിന്‍റെ തമാശകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാട് - ജയറാം ടീമിന്‍റെ കഥ തുടരുന്നു ശരാശരി വിജയം നേടുന്നു. വലിയ ജനക്കൂട്ടം തിയേറ്ററുകളില്‍ ഉണ്ടാകുന്നില്ല. എങ്കിലും സത്യന്‍ ശൈലി ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നു. വരും ദിവസങ്ങളില്‍ ഈ ചിത്രം കൂടുതല്‍ ജനപ്രീതി നേടുമെന്ന് പ്രതീക്ഷിക്കാം. മംമ്‌തയുടെ നായികാകഥാപാത്രമാണ് ചിത്രത്തിന്‍റെ കരുത്ത്. കഥ തുടരുന്നു ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ്.
മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഹിറ്റ്ചാര്‍ട്ടില്‍ അഞ്ചാം ഇടം പിടിച്ചു. അത്ര നല്ല പ്രതികരണമല്ല ഈ സിനിമ സൃഷ്ടിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യനാളുകളില്‍ തന്നെ ഹോള്‍ഡോവറാകുകയാണ് ഈ സിനിമ. മുരളി നാഗവള്ളിയുടെ സംവിധാനം നിലവാരമുള്ളതല്ല. റെയ്‌ന്‍ മാന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റിന് ആധാരം എന്നാണ് മനസിലാക്കുന്നത്. പച്ചക്കുതിര, രാജമാണിക്യം തുടങ്ങിയ മലയാള ചിത്രങ്ങളോടും നിഷേധിക്കാനാവാത്ത സാദൃശ്യം ഈ ചിത്രത്തിനുണ്ട്. എന്തായാലും ഒരു ലോംഗ് റണ്‍ അലക്സാണ്ടറിന് അസാധ്യമാണെന്നു തന്നെയാണ് സിനിമാവിദഗ്ധരുടെ വിലയിരുത്തല്‍.
No comments:
Post a Comment