Thursday, November 25, 2010

anantha narayana mahadevan with mammootty

'ദില്‍ മാംഗെ മോര്‍', 'അക്സര്‍', 'അനാമിക' തുടങ്ങി നിരവധി സിനിമകള്‍
ചെയ്തിട്ടുള്ള ബോളിവുഡ് സം‌വിധായകന്റെ കന്നി മലയാളം സം‌രം‌ഭത്തില്‍
മലയാളത്തിന്റെ പ്രിയതാരമായ മമ്മൂട്ടി അഭിനയിക്കുന്നു. ഹിന്ദി സിനിമകളുടെ
പേര് വായിച്ച് വടക്കേ ഇന്ത്യക്കാരനായ സം‌വിധായകനെ മനസില്‍
സങ്കല്‍‌പിക്കുന്ന വായനക്കാരേ.. ഒരു തിരുത്ത്. മുംബൈയില്‍ നിന്ന്
മലയാളത്തില്‍ എത്തുന്ന സം‌വിധായകന്‍ മലയാളി തന്നെയാണ്. അനന്ത നാരായണന്‍
മഹാദേവന്‍ എന്ന് മുഴുവന്‍ പേര്.

ഗോവ ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് താന്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ
ഒരുക്കുന്നുണ്ടെന്ന് കാര്യം അനന്ത നാരായണന്‍ മഹാദേവന്‍ പുറം‌ലോകത്തെ
അറിയിച്ചത്. 'മീ സിന്ധുതായ് സപ്കല്‍' എന്ന തന്റെ ചിത്രം
പ്രദര്‍ശിപ്പിച്ചതിന് ശേഷം കാണികളുമായി സംവദിക്കുമ്പോഴാണ് പുതിയ
പ്രൊജക്റ്റിനെ പറ്റി അനന്ത നാരായണന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ സിനിമകള്‍
കാണാറുണ്ടെന്നും അതുല്യ നടനവൈഭവത്തിന് ഉടമയാണ് മമ്മൂട്ടിയെന്നും അനന്ത
നാരായണന്‍ പറയുകയുണ്ടായി.

'വടക്കന്‍ വീരഗാഥ' പോലെ 'പഴശ്ശിരാജ' പോലെ ഒരു ചരിത്രസിനിമയാണ് അനന്ത
നാരായണന്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയെ പറ്റി താന്‍ മമ്മൂട്ടിയുമായി
സംസാരിച്ചുകഴിഞ്ഞെന്നും മമ്മൂട്ടിക്ക് പ്രമേയം ഒത്തിരി ഇഷ്ടമായെന്നും
അനന്ത നാരായണന്‍ പറഞ്ഞു. സിപി സുരേന്ദ്രനാണ് സിനിമയുടെ തിരക്കഥയ്ക്ക്
പിന്നില്‍. തിരക്കഥ റെഡിയായി കഴിഞ്ഞതായും അടുത്തുതന്നെ ഷൂട്ടിംഗ്
ആരംഭിക്കുമെന്നും അനന്ത നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്തനായ ബോളിവുഡ് സംവിധായകന്‍ മാത്രമല്ല, ഒരു നടനും കൂടിയാണ് അനന്ത
നാരായണന്‍. '8 x 10 തസ്‌വീര്‍', 'EMI' തുടങ്ങി നാല്‍‌പതോളം സിനിമകളില്‍ ഈ
സംവിധായകന്‍ അഭിനയിച്ചിട്ടുമുണ്ട്. നാല് ബോളിവുഡ് സിനിമകള്‍ക്ക് തിരക്കഥ
ഒരുക്കിയിട്ടുമുണ്ട്. അനന്ത നാരായണന്റെ ഏറ്റവും പുതിയ സിനിമയായ 'മീ
സിന്ധുതായ് സപ്കല്‍' ഒരു മറാത്തി ചിത്രമായിരുന്നു.

No comments: