Monday, August 30, 2010

മമ്മൂട്ടി അസ്വസ്ഥനാണ്: പൃഥ്വിരാജ് [Insatall Malayalam Font To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

മലയാള സിനിമയുടെ ഇന്നത്തെ പോക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അസ്വസ്ഥനാണെന്ന് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. ഓണത്തോടനുബന്ധിച്ച് മലയാളത്തിലെ ഒരു പ്രമുഖ ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.

"ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയിലും തന്നേത്തേടി കരുത്തുള്ള കഥാപാത്രങ്ങള്‍ വരാത്തതിലും മമ്മുക്ക അസ്വസ്ഥനാണ്. പോക്കിരിരാജയുടെ ലൊക്കേഷനില്‍ അറുപത് ദിവസത്തോളം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു. മികച്ച കഥാപാത്രങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്‍റെ കാത്തിരിപ്പിനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങള്‍ ഉണ്ടാകുന്നില്ല." - പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തോടും സിനിമയോടും തനിക്കുള്ള നിലപാടുകള്‍ പൃഥ്വി തുറന്നടിച്ചു പറയുന്ന ഈ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

"ഞാന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് ആദ്യം എല്ലാവരും എന്നെ നിഷേധിയെന്നും ധിക്കാരിയെന്നും വിളിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവനെ ഉപദേശിച്ചിട്ടു കാര്യമില്ല, അവന്‍ മാറില്ല എന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ ആളുകള്‍ പറയുന്നത് അവനെ കണ്ടു പഠിക്കണമെന്നാണ്. ഞാനും എന്‍റെ നിലപാടുകളും മാറിയിട്ടില്ല. എന്‍റെ ചുറ്റുമുള്ളവരാണ് മാറിയത്."

"ഞാന്‍ തമിഴിനേക്കാള്‍ നന്നായി സംസാരിക്കുന്നത് ഹിന്ദിയാണ്. ബോളിവുഡില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. സംവിധായകന്‍ സഞ്ജയ് ഗുപ്ത ഉള്‍പ്പടെയുള്ളവര്‍ പ്രൊജക്ടുകളുമായി സമീപിച്ചിരുന്നു. എന്നാല്‍, ഹിന്ദിയില്‍ ഒരു സിനിമ ചെയ്യാന്‍ വേണ്ടി ഞാന്‍ ബോളിവുഡിലേക്ക് പോകില്ല. അങ്ങനെ ഒരാഗ്രഹമൊന്നും എനിക്കില്ല. നല്ല സ്ക്രിപ്റ്റില്‍ നല്ല സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതുതിരഞ്ഞ് ഞാന്‍ അങ്ങോട്ടുപോകില്ല, വേണമെങ്കില്‍ ബോളിവുഡ് ഇങ്ങോട്ടു വരട്ടെ."

"കാര്യങ്ങള്‍ തുറന്നടിച്ചു പറയുന്നതുകൊണ്ട് ഉണ്ടാകുന്ന പൊട്ടിത്തെറികളെ ഞാന്‍ ഭയക്കുന്നില്ല. ഞാന്‍ എന്തിനു ഭയപ്പെടണം? അങ്ങനെ ഭയക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ആരെങ്കിലും പൊട്ടിത്തെറിക്കുന്നത് ഞാന്‍ മൈന്‍ഡ് ചെയ്യുന്നുമില്ല."

"എനിക്ക് ദൈവവിശ്വാസം ഉണ്ടോയെന്ന് ഞാന്‍ തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം ഉണ്ടോ എന്നറിയില്ല. നമുക്കെല്ലാം അതീതമായി ഒരു ശക്തിയുണ്ട് എന്നറിയാം. അതിനു മുന്നിലാണ് എല്ലാവരും കീഴടങ്ങേണ്ടതും. ഞാന്‍ അമ്പലത്തിലും പള്ളികളിലും പോകുന്നയാളാണ്. എനിക്കു തോന്നുന്നത്, ആളുകള്‍ ഏറ്റവും നല്ലവരാകുന്നത് ആരാധനാലയങ്ങളില്‍ എത്തുമ്പോഴാണ് എന്നാണ്. എല്ലാവരും നല്ല കാര്യങ്ങള്‍ ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും കാണിക്കയിടുകയും ഏത്തമിടുകയുമൊക്കെ ചെയ്യുന്നു. അതുകൊണ്ട് ഒരു നല്ല എനര്‍ജി ആരാധനാലയങ്ങളില്‍ ഉണ്ടാകും. അതിനാലാണ് ഞാന്‍ അവിടെ പോകാന്‍ ഇഷ്ടപ്പെടുന്നത്."

"ഒരു ശതമാനം പോലും എനിക്കു വിശ്വാസമില്ലാത്ത ഒരു സംഗതിയാണ് മതം. ഒരു സോഷ്യല്‍ സ്ട്രക്ചറുണ്ടാക്കാന്‍ മതം സഹായിച്ചിട്ടുണ്ടാകാം. അതിലുപരിയായി മതത്തെ ഞാന്‍ കാര്യമാക്കുന്നില്ല."

"സൌഹൃദത്തിന്‍റെയും ബന്ധങ്ങളുടെയും പുറത്ത് സിനിമയില്‍ ധാരാളം പേരെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പല ചിത്രങ്ങളുടെയും നിര്‍മ്മാണത്തിന്‍റെ ഘട്ടങ്ങളില്‍ ഇത്തരം സഹായങ്ങള്‍ ഇപ്പോഴും നല്‍കാറുണ്ട്. എന്നാല്‍ സൌഹൃദത്തിന്‍റെ പേരിലോ ആരുടെയെങ്കിലും ബുദ്ധിമുട്ട് മനസിലാക്കിയോ ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാറില്ല. സിനിമ ചെയ്യുന്നത് പൂര്‍ണമായ അര്‍പ്പണത്തോടെ, ഗൌരവത്തോടെ ആയിരിക്കണം. അതൊരിക്കലും ആരെയും സഹായിക്കാന്‍ വേണ്ടിയാകരുത്."

"മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. സംഭവങ്ങളുടെ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണം. മറ്റൊരാളെക്കുറിച്ച് എന്തെങ്കിലും എഴുതുമ്പോഴോ പറയുമ്പോഴോ എപ്പോഴും വളരെ ശ്രദ്ധിക്കണം. കേരളത്തെപ്പോലെ മീഡിയയെ ഇത്രമാത്രം ആശ്രയിക്കുന്ന ഒരു സംസ്ഥാനത്ത് തെറ്റായ ഒരു വിവരം പ്രചരിപ്പിക്കാതിരിക്കാനുള്ള ബോധം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കണം."

"മലയാളത്തില്‍ എനിക്ക് ആക്ഷന്‍ സിനിമകളൊക്കെ ചെയ്യുന്ന ഒരാളുടെ ഇമേജാണ്. തമിഴിലാകട്ടെ ഞാന്‍ കോമഡി സിനിമകള്‍ മാത്രം ചെയ്യുന്നയാളും. രണ്ടു സ്റ്റേറ്റുകളില്‍ എനിക്ക് രണ്ട് ഇമേജാണുള്ളത് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു."

"വിദേശരാജ്യങ്ങളിലൊക്കെ ഏറെക്കാലം ചെലവഴിച്ചിട്ടുണ്ട്. അവിടങ്ങളിലെ പെണ്‍കുട്ടികളെയൊന്നും പ്രണയിച്ചിട്ടില്ല. ഒരു മലയാളിയെ അല്ലാതെ മറ്റൊരു ദേശക്കാരിയെ പ്രണയിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യ." - പൃഥ്വി വ്യക്തമാക്കി.

No comments: