Tuesday, August 31, 2010

മമ്മുക്കയ്ക്ക് പിന്നാലെ ലാലിന്റെയും തലപോയി ! [Insatall Malayalam Font To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

തൃശൂരിന്‍റെ അരുമ സന്തതിയായ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റിന്‍റെ ഫ്ലക്സ് ബോര്‍ഡുകളില്‍ നിന്ന് മമ്മുക്കയുടെ തല പോയതിന് തൊട്ടുപിന്നാലെ ശിക്കാര്‍ എന്ന സിനിമയുടെ പോസ്റ്ററുകളില്‍ നിന്ന് ലാലേട്ടന്റെ തലയും അപ്രത്യക്ഷമായി. ബ്ലേഡുകൊണ്ട് തലമാത്രം കീറിയെടുത്തിരിക്കുന്ന രീതിയിലാണ് കൊച്ചി നഗരത്തില്‍ ഈ രണ്ട് സിനിമകളുടെയും പോസ്റ്ററുകള്‍ കാണുന്നത്.

മമ്മുക്കയുടെയും ലാലേട്ടന്റെയും തല മാത്രമല്ല അപ്രത്യക്ഷമായിരിക്കുന്നത്. അപൂര്‍വരാഗം എന്ന സിനിമയുടെ പോസ്റ്ററിലുള്ള സംവിധായകന്‍ സിബി മലയിലിനും തലയില്ല. പാട്ടിന്റെ പാലാഴിയുടെ പോസ്റ്ററില്‍ മീരാ ജാസ്മിനും തലയില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയുമാണ് പോസ്റ്ററുകള്‍ക്കെതിരെ ആക്രമണം നടന്നിരിക്കുന്നത്.

ആരോ മനപൂര്‍വം പോസ്റ്ററുകള്‍ നശിപ്പിച്ചതായാണ് ഫിലിം ചേമ്പര്‍ കരുതുന്നത്. ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍‌കാന്‍ ഒരുങ്ങുകയാണ്. പോസ്റ്ററുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റി'ന്റെ വിതരണക്കാരായ പ്ലേ ഹൗസ് റിലീസിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പ്രതിഷേധിച്ചു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ആര്‍ജിച്ച പ്രശസ്തിയും പെരുമയും പത്ത് പോസ്റ്ററുകള്‍ കീറിയാല്‍ നശിപ്പിക്കാന്‍ കഴിയുന്നതല്ലെന്ന് പോസ്റ്റര്‍ കീറുന്ന സാമൂഹിക വിരുദ്ധര്‍ മനസ്സിലാക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ പറഞ്ഞു.

ക്യാപ്പിറ്റോള്‍ സിനിമയുടെ ബാനറില്‍ രഞ്ജിത് തന്നെയാണ് പ്രാഞ്ചിയേട്ടന്‍ നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതും തിരക്കഥ രചിച്ചിരിക്കുന്നതും. എസ് സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാറാണ് ശിക്കാര്‍ അണിയിച്ചൊരുക്കുന്നത്. മമ്മൂട്ടി തൃശൂര്‍ സ്ലാംഗില്‍ സംസാരിക്കുന്നതാണ് പ്രാഞ്ചിയേട്ടന്റെ ഹൈലൈറ്റെങ്കില്‍ ഒരു സസ്പെന്‍സ് ത്രില്ലറാണ് ശിക്കാര്‍.

No comments: