Thursday, July 15, 2010

ഒരുനാള്‍ വരും - മോഹന്‍ലാലിന് കനത്ത തിരിച്ചടി [Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

കടുത്ത പ്രതിസന്ധിയിലൂടെയാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കടന്നുപോകുന്നത്. അടുത്തകാലത്ത് റിലീസായ സിനിമകളുടെ പരാജയങ്ങള്‍ അദ്ദേഹത്തിന്‍റെ താരമൂല്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പഴയ 'ലാല്‍ മാജിക്' ശക്തമായി ചിരിച്ചുവരും എന്ന് പ്രതീക്ഷിച്ച 'ഒരുനാള്‍ വരും' തിയേറ്ററുകളില്‍ സൃഷ്ടിക്കുന്ന തണുത്ത പ്രതികരണം ലാല്‍ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലും ശ്രീനിവാസനും ഇടവേളയ്ക്കു ശേഷം ഒന്നിച്ച 'ഒരുനാള്‍ വരും' വമ്പന്‍ ഹിറ്റാകുമെന്നാണ് സിനിമാലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്ക് സാധാരണ സംഭവിക്കാത്ത തിരക്കഥാ പാളിച്ചയാണ് ഈ സിനിമയ്ക്ക് വിനയായത്. മികച്ചതും ചടുലവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രീനി പരാജയപ്പെട്ട ചിത്രമാണ് ഒരുനാള്‍ വരും.
കഴിഞ്ഞ വാരം 71 തിയേറ്ററുകളിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന വന്‍ ഇനിഷ്യല്‍ പുള്‍ ഈ സിനിമയ്ക്ക് ഒരു കേന്ദ്രത്തിലും ഉണ്ടായില്ല എന്നതാണ് സിനിമാലോകത്തെ അമ്പരപ്പിക്കുന്നത്. എവിടെയും ഈ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
എറണാകുളം, തിരുവനന്തപുരം പോലുള്ള വലിയ സെന്‍ററുകളില്‍ ഒന്നിലധികം തിയേറ്ററുകളിലാണ് സാധാരണയായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുക. എന്നാല്‍ ഇവിടങ്ങളില്‍ ഒരു തിയേറ്ററില്‍ മാത്രമായി 'ഒരുനാള്‍ വരും' പ്രദര്‍ശിപ്പിച്ചു വരികയാണ്. ലാല്‍ ചിത്രങ്ങള്‍ക്ക് മികച്ച വരവേല്‍പ്പ് ലഭിക്കുന്ന തിരുവനന്തപുരത്ത് ശ്രീകുമാര്‍ തിയേറ്ററിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയ്ക്കായി അഡ്വാന്‍സ് ബുക്കിംഗ് കാര്യമായി ഉണ്ടായില്ല എന്നതുമാത്രമല്ല, വാരാന്ത്യത്തില്‍ തിയേറ്റര്‍ കഷ്ടിച്ചു ഫുള്ളാകുകയാണുണ്ടായത്.
കോട്ടയത്തെ വലിയ തിയേറ്ററായ അഭിലാഷില്‍ ഈ സിനിമയ്ക്ക് 85 ശതമാനം കളക്ഷനേ ആദ്യദിവസങ്ങളില്‍ പോലും ലഭിച്ചുള്ളൂ. മോഹന്‍ലാല്‍ - ശ്രീനിവാസന്‍ ടീം ഒന്നിക്കുന്ന സിനിമയ്ക്ക് ലഭിക്കേണ്ട ഒരു തകര്‍പ്പന്‍ സ്വീകരണം ഈ സിനിമയ്ക്ക് എന്തുകൊണ്ടു ലഭിച്ചില്ല എന്നത് മലയാളം ഇന്‍‌ഡസ്ട്രിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.

No comments: