Saturday, July 17, 2010

ലാലിന്‌ കാലിടറുന്നോ? ‍[Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

മിനിമം ഗ്യാരന്റി നല്‍കുന്ന നടനെന്ന ഖ്യാതി സൂപ്പര്‍താരം മോഹന്‍ലാലിന്‌ നഷ്‌ടമാവുകയാണോ? സമീപകാലത്ത്‌ ബോക്‌സ് ഓഫീസില്‍ റിലീസ്‌ ചെയ്‌ത അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കണക്കുകള്‍ ഓടിച്ചു പരിശോധിച്ചാല്‍ അങ്ങനെ തോന്നിയാല്‍ അത്ഭുതമില്ല. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൗഡ്‌ പുള്ളറുടെ കരിയറിന്റെ സായാഹ്നം അടുത്തെന്ന വാദത്തിനു ചൂടു പകരുന്നതാണ്‌ അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരിട്ട ദയനീയ പരാജയം. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒരു നാള്‍ വരും പോലും അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും തീയറ്ററുകളെ ജനസമുദ്രമാക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌. സമീപകാലത്തിറങ്ങിയ അലക്‌സാണ്ടര്‍ ദ ഗ്രേറ്റും ഏയ്‌ഞ്ചല്‍ ജോണുമെല്ലാം സുരേഷ്‌ഗോപി ചിത്രങ്ങളേക്കാള്‍ വേഗത്തില്‍ തീയറ്റര്‍ വിടുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഒരു നാള്‍ വരും എന്ന ചിത്രത്തിന്‌ ലഭിച്ച തണുത്ത വരവേല്‍പ്പ്‌ ലാലിന്റെഅഭ്യുദയകാംക്ഷികളെ അസ്വസ്‌ഥരാക്കുന്നതാണ്‌. മോഹന്‍ലാല്‍ശ്രീനിവാസന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍വിജയം നേടുമെന്നാണ്‌ സിനിമാലോകം കരുതിയിരുന്നത്‌. എന്നാല്‍ തിയറ്ററുകളില്‍ നിന്നു ലഭിയ്‌ക്കുന്ന സമ്മിശ്രപ്രതികരണം ഒട്ടും ശുഭകരമല്ലെന്നതാണ്‌ സത്യം. കഴിഞ്ഞയാഴ്‌ച സംസ്‌ഥാനത്തെ 71 തിയറ്ററുകളിലാണ്‌ സിനിമ റിലീസ്‌ ചെയ്‌തത്‌. എന്നാല്‍ ലാല്‍ സിനിമകളിറങ്ങുമ്പോഴുള്ള ആരാധകരുടെ തള്ളിക്കയറ്റം ഒറ്റ സെന്ററിലും ഇല്ലാത്തത്‌ മലയാള സിനിമാ വിപണിയെ തന്നെ ഏറെ അമ്പരിപ്പിയ്‌ക്കുന്നു.
അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ പരാജയത്തിന്‌ ശേഷം ലാലിന്റെ തിരിച്ചുവരുമെന്ന്‌ അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയിരുന്ന ചിത്രമായിരുന്നു ഒരു നാള്‍ വരും എന്ന കാര്യം കൂടി ഓര്‍ക്കണം. എക്കാലത്തെയും ഷുവര്‍ബെറ്റായ മോഹന്‍ലാല്‍ശ്രീനി ടീമിന്റെ സിനിമയാണ്‌ ഈ പ്രതിസന്ധി നേരിടുന്നത്‌. ലാല്‍ തന്റെ റോള്‍ മനോഹരമാക്കിയെങ്കിലും ശ്രീനിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകളാണ്‌ ചിത്രത്തിന്റെ പ്രധാന ദൗര്‍ബല്യമെന്നാണ്‌ നിരൂപകര്‍ വിലയിരുത്തപ്പെടുന്നത്‌.
മോഹന്‍ലാല്‍ ആരാധകരുടെ ശക്‌തികേന്ദ്രങ്ങളായ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ സാധാരണഗതിയില്‍ ഒന്നിലധികം സെന്ററുകളിലാണ്‌ അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ്‌ ചെയ്യുക. പക്ഷേ ഇവിടെയെല്ലാം ഒരോ കേന്ദ്രങ്ങളില്‍ വീതമാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌. എന്നിട്ടു പോലും ഒരു ഇനീഷ്യല്‍ പുള്‍ സൃഷ്‌ടിയ്‌ക്കാന്‍ ചിത്രത്തിന്‌ കഴിയുന്നില്ല. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററായ സരിതയില്‍ നൂണ്‍ഷോ മാത്രമാണ്‌ ഒരു നാള്‍ വരും പ്രദര്‍ശിപ്പിയ്‌ക്കുന്നത്‌. മറ്റു ഷോകളെല്ലാം ഇടത്തരം തിയറ്ററായ സവിതയിലാണ്‌ പ്രദര്‍ശിപ്പിയ്‌ക്കുന്നത്‌. തൊള്ളായിരം സീറ്റുകളുള്ള തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലും കാര്യങ്ങള്‍ വ്യത്യസ്‌തമല്ല. വാരാന്ത്യത്തില്‍പ്പോലും കഷ്‌ടിച്ച്‌ ഹൗസ്‌ഫുള്‍ ആകുമ്പോള്‍ അഡ്വാന്‍സ്‌ ബുക്കിങിന്റെ കാര്യവും പിന്നോക്കമാണ്‌. മറ്റൊരു വമ്പന്‍ തിയറ്ററായ കോട്ടയം അഭിലാഷില്‍ ആദ്യദിവസങ്ങളില്‍ പോലും 85 ശതമാനം കളക്ഷനാണ്‌ ലഭിച്ചത്‌.

No comments: