Friday, May 7, 2010

Pokkiriraja: 3.5/5 Super Action,super direction,Super introduction of Mammootty,Good comedy[sooraj+salim kumar] Verdict:Block buster...

തിയേറ്റര്‍ മുറ്റത്ത് പൂരത്തിരക്ക്. ആരവവും മുദ്രാവാക്യങ്ങളും. മമ്മുക്കാ സിന്ദാബാദ് എന്ന വിളികള്‍ക്കിടയിലൂടെ തിയേറ്ററിനുള്ളിലെ ഇരുട്ടിലേക്ക്.

എനിക്ക് അനുഭവപ്പെട്ടത് തമിഴ് സിനിമ പ്ലേ ചെയ്യുന്ന തിയേറ്ററുകളിലെ ഒരു അന്തരീക്ഷമാണ്. തങ്ങളുടെ സൂപ്പര്‍ഹീറോ എപ്പോള്‍ അവതരിക്കുമെന്ന ആകാംക്ഷയോടെ സ്ക്രീനില്‍ കണ്ണുനട്ടിരിക്കുന്നവര്‍. എനിക്കും നേരിയ ചങ്കിടിപ്പുണ്ട്. മമ്മൂട്ടി എങ്ങനെയാകും വരുക? പൃഥ്വിരാജ് സ്കോര്‍ ചെയ്യുമോ? ഒരു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകയെപ്പോലെ, പടം തുടങ്ങും മുമ്പ് ഉള്ളിലൊരു വിറയല്‍.

ആരാധകര്‍ പേടിക്കേണ്ടതില്ല. ഇതൊരു സൂപ്പര്‍ എന്‍റര്‍ടെയ്‌നറാണ്. ആഘോഷിക്കാം. ആര്‍പ്പുവിളിക്കാം. മമ്മൂട്ടിയും പൃഥ്വിരാജും ശ്രേയയുമൊക്കെ ആഘോഷമാക്കിയിരിക്കുന്ന ഒരു സിനിമ. താരപ്പകിട്ട് മുന്‍‌നിര്‍ത്തി മാത്രം നിര്‍മ്മിച്ചിട്ടുള്ള സിനിമ. ഓരോ ഡയലോഗിനും ഓരോ ആക്ഷന്‍ മൂവ്‌മെന്‍റിനും പ്രേക്ഷകരുടെ "ഓ പോട്".

ആദ്യത്തെ ഒരുമണിക്കൂര്‍ ഈ സിനിമ പോക്കിരിരാജയല്ല, 'പോക്കിരിസൂര്യ'യാണ്. മമ്മൂട്ടിയുടെ നിഴല്‍ പോലും ആ സമയത്തില്ല. 'രാജ'യെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അയാള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കാന്‍ കാണികളെ നിര്‍ബന്ധിക്കുന്നു. പൃഥ്വിരാജിന്‍റെ ഒറ്റയാള്‍ പ്രകടനം ആസ്വദിക്കുമ്പോഴും ഏവരുടെയും ചോദ്യം ഇതായിരുന്നു "മമ്മൂട്ടി എവിടെ?."
സിനിമ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും മമ്മൂട്ടിയെ കാണാതെ വിഷമിച്ച പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇടിമിന്നല്‍ പോലെയാണ് അയാള്‍ എത്തിയത്. രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! "ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍" - എതിരാളിയുടെ നെഞ്ചുംകൂട് ഇടിച്ചുതകര്‍ത്ത് അയാള്‍ പറഞ്ഞു. അനുജന്‍റെ രക്ഷയ്ക്ക് വേണ്ടി പോക്കിരിരാജ കളത്തിലിറങ്ങുകയാണ്.

പിന്നീടുള്ള രംഗങ്ങളുടെ എരിവും ചൂടും കണ്ടനുഭവിക്കുക തന്നെ വേണം. ആദ്യപകുതിയുടെ ആദ്യഭാഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പൃഥ്വിയുടെ കൈയില്‍ നിന്ന് സിനിമയുടെ കടിഞ്ഞാണ്‍ മമ്മൂട്ടി ഏറ്റെടുക്കുകയാണ്. തുടര്‍ന്നൊരു പടയോട്ടമാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും മമ്മൂട്ടിയുടെ താരപ്രകടനം. അടി, ഡാന്‍സ്, ഡയലോഗ്..ആരാധകര്‍ക്ക് എന്തുവേണമോ അതെല്ലാം. നവാഗതനായ വൈശാഖ് ഒരുക്കിയ പോക്കിരിരാജ മെഗാവിജയമാകും എന്നതിന് സിനിമകണ്ട ആര്‍ക്കും രണ്ടഭിപ്രായമില്ല.
ട്വന്‍റി20 പോലെ മറ്റൊരു വെടിക്കെട്ട്

ട്വന്‍റി20 ഒരുക്കിയ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് പോക്കിരിരാജയ്ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമയിലെ ആ ക്ലാസിക്കിനേക്കാള്‍ രസാവഹമായ രംഗങ്ങള്‍ക്കാണ് പോക്കിരിരാജയില്‍ കാഴ്ചക്കാര്‍ സാക്‍ഷ്യം വഹിക്കുക. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ ഹീറോയിസം പരമാവധി മുതലാക്കിയിരിക്കുകയാണ് രചയിതാക്കള്‍. കഥയുടെ രസം ഒട്ടും ചോരാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന മയക്കുവിദ്യയില്‍ നല്ല പ്രാവീണ്യം നേടിയിരിക്കുന്നു സിബിയും ഉദയനും.

ജാസിയുടെ പാട്ടുകള്‍

'ലജ്ജാവതി'യിലൂടെ തരംഗമായ ജാസി ഗിഫ്റ്റിന്‍റേതാണ് പോക്കിരിരാജയുടെ സംഗീതം. "കേട്ടില്ലേ കേട്ടില്ലേ എന്‍റെ കള്ളച്ചെറുക്കന് കല്യാണം... കേട്ടില്ലേ കല്യാണമേളം" അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവാരുകയാണ്. മമ്മൂട്ടിയുടെ നൃത്തവും ഈ പാട്ടുരംഗത്ത് കാണാം. എന്നാല്‍ എനിക്കു പ്രിയപ്പെട്ട ഗാനം ഒരു മെലഡിയാണ്. "മണിക്കിനാവിന്‍ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു...ഞാന്‍ നിനക്കുവേണ്ടി" - ഈ പാട്ട് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസിനെ തരളിതമാക്കും. വെല്‍ഡണ്‍ ജാസീ...

മമ്മൂട്ടി, പൃഥ്വി, ശ്രേയ

ഈ മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. കോമഡിരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും മമ്മൂട്ടിയും പൃഥ്വിയും കസറിയിരിക്കുകയാണ്. പൃഥ്വിയുടെ അനായാസമായ ചുവടുകള്‍ നൃത്തരംഗങ്ങള്‍ക്ക് കൊഴുപ്പേകി. ശ്രേയാ സരണ്‍ തന്‍റെ ആദ്യ മലയാളചിത്രത്തില്‍ തന്നെ മിന്നിത്തിങ്ങി. ആഭ്യന്തരമന്ത്രിയായി റിസബാവയും മന്ത്രിപുത്രനായി റിയാസ് ഖാനും മികച്ചുനില്‍ക്കുന്നു.

ഷാജിയുടെ ക്യാമറാ വര്‍ക്ക് കൊള്ളാം. കളര്‍ഫുള്‍ സിനിമയാക്കി പോക്കിരിരാജയെ മാറ്റുന്നതില്‍ ക്യാമറാമാന്‍റെ പങ്ക് പരാമര്‍ശിക്കാതെ വയ്യ. പഞ്ച് ഡയലോഗുകള്‍ക്ക് നല്‍കിയ പ്രത്യേക ആംഗിളുകള്‍ ശ്രദ്ധേയം. “വെറുതെ മസില്‍ കാണിച്ചു നടന്നാല്‍ പോരാ മോനേ... അഭിനയം മുഖത്തുവരണം” എന്ന് മമ്മൂട്ടി പൃഥ്വിരാജിന്‍റെ മുഖത്തുനോക്കി കാച്ചുന്ന ആ ഡയലോഗില്‍ തിയേറ്റര്‍ ഇളകിമറിയുകയാണ്. ആ ഡയലോഗിന്‍റെ ഇഫക്ട് മിനിറ്റുകളോളം തിയേറ്ററില്‍ കാണാമായിരുന്നു. പിന്നീടൊന്ന് “അനിയനാണെന്നതൊക്കെ ശരിതന്നെ, അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിന് സഹിക്കില്ല!” - എങ്ങനെയുണ്ട്?!

എന്തായാലും ഒരു അടിച്ചുപൊളി പടം കാണാനായി തിയേറ്ററിലെത്തുന്നവരെ 150 ശതമാനം തൃപ്തിപ്പെടുത്തുന്ന സിനിമയാണ് പോക്കിരിരാജ. വൈശാഖ് എന്ന സംവിധായകന്‍ അടുത്ത അന്‍‌വര്‍ റഷീദാണെന്ന് നിസ്സംശയം പറയാം. മമ്മൂട്ടി - പൃഥ്വി ആരാധകര്‍ക്ക് അറിഞ്ഞാഘോഷിക്കാം. അര്‍മാദിക്കാം. ഇത് പുതിയ കൊമേഴ്സ്യല്‍ പടപ്പുറപ്പാട്. ഇനി തിയേറ്ററുകളില്‍ പോക്കിരിയുടെ രാജവാഴ്ച.

No comments: